ഇപ്പോൾ സമയം

സാരി..

                           അവൾ... 
         അവൾക്ക് ഉറങ്ങാനായി അമ്മ കെട്ടി കൊടുത്ത തൊട്ടിൽ അമ്മയുടെ ഒരു പഴയ സാരി ഉപയോഗിച്ച് ഉണ്ടാക്കിയതായിരുന്നു...

         ബാല്യകാലത്ത് അമ്മ വീട്ടിലില്ലാത്തപ്പോൾ അമ്മയുടെ സാരി എടുത്ത് ഉടുത്ത് അവൾ തൻറെ സുന്ദരമായ ഭാവിയെ കുറിച്ചുള്ള കുഞ്ഞു സ്വപ്‌നങ്ങൾ കണ്ടു.. അമ്മയെ പോലെ സാരി ഒക്കെ ഉടുത്ത് പോകുന്നത് ഭാവനയിൽ കണ്ട് അവൾ കണ്ണാടി നോക്കി നിന്നു..

        കൌമാരം എത്തിയപ്പോൾ പന്ത്രണ്ടാം ക്ലാസ്സിന്റെ അവസാന ദിവസം സാരി ഉടുത്താണ് അവൾ സ്കൂളിൽ പോയത്.. സാരിയിൽ താൻ ഏറെ സുന്ദരിയാണെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു... ഇടനാഴിയിൽ വച്ച് അവൻ നൽകിയ ആദ്യ ചുംബനത്തിന്റെ മധുരം നുണയാൻ അവളോടൊപ്പം അവൾടെ പ്രിയപ്പെട്ട സാരിയും ഉണ്ടായിരുന്നു..

        യൌവനത്തിലേക്ക് കാലെടുത്തു വച്ചതും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചു.. അവളുടെ വിവാഹം.. അവളും കാത്തിരുന്ന ദിനം... കാരണം സാരി ഏറ്റവും നന്നായി ഒരു പെണ്ണിന് ഇണങ്ങുന്നത് അവളുടെ വിവാഹത്തിനാണല്ലോ.. അങ്ങനെ അതിമനോഹരമായ ചുവന്ന സാരിയിൽ ഒരു പുതു ജീവിതത്തിലേക്ക് അവൾ കാലെടുത്തു വച്ചു...

      വിവാഹത്തിന്റെ ആദ്യ ദിനം കഴിഞ്ഞപ്പോൾ തന്നെ അയാളുടെ സ്വഭാവത്തിലും മാറ്റങ്ങൾ ഉണ്ടായി തുടങ്ങി... മദ്യപാനവും മയക്കുമരുന്നും അയാളുടെ സന്തതസഹചാരികളായിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു... എന്നിട്ടും അതെല്ലാം സഹിച്ചു ജീവിക്കാൻ അവൾ ശ്രമിച്ചു... ദിവസങ്ങൾ കഴിയും തോറും അയാളുടെ പെരുമാറ്റം ക്രൂരമായി തുടങ്ങി.. 

       അവസാനം ഒരു ദിവസം അവളുടെ ഏറ്റവും പ്രിയപ്പെട്ട സാരിത്തുമ്പിൽ അവൾ ആ ജീവിതം അവസാനിപ്പിച്ചു... അവിടെ ബാക്കിയായത് അവൾ ചെറുപ്പം മുതൽ കണ്ട സുന്ദര സ്വപ്നങ്ങളും.... പിന്നെ ഒരു ഓർമപോലെ കുറെ സാരികളും മാത്രം...