ഇപ്പോൾ സമയം

യാത്ര

നേരം നന്നേ ഇരുട്ടി.. എല്ലാവരും ഉറങ്ങിയിരിക്കണം.. ഞാൻ പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റ് മേശയ്ക്കരുകിലെത്തി.. ദൂരെ ട്രെയിൻ പോകുന്നതിൻറെ ശബ്ദം കേൾക്കാം... പുറത്ത് നല്ല നിലാവ്.. ലൈറ്റിടണ്ട.. നല്ല വെട്ടമുണ്ട്.. കസേര വലിച്ചിട്ടിരുന്ന് ഒരു പേപ്പറും പേനയും എടുത്തു.. എന്താ എഴുതേണ്ടത് എന്നൊരു പിടിയുമില്ല.. ഒരു കത്തെഴുതാനാണ് ഇവിടെ വന്നിരുന്നത്.. ആർക്ക് എഴുതണം എന്നറിയില്ല..
പ്രിയപ്പെട്ട അമ്മയ്ക്ക്... വേണ്ട, അമ്മയോട് ഞാനെന്ത് പരാതി പറയാനാണ്.. ജനിച്ചപ്പോൾ മുതൽ അല്ല ജനിക്കുന്നേനു മുൻപ് മുതൽ സ്നേഹം മാത്രം നൽകിയല്ലേ വളർത്തിയത്..
പ്രിയപ്പെട്ട കൂട്ടുകാരന്... എന്നായാലോ.. അതോ കാമുകിക്കോ.. വേണ്ട.. രണ്ട് കൂട്ടരും അവരുടെ ജീവിതത്തിൽ സന്തോഷത്തോടെ ഇരുന്നോട്ടെ.. അല്ലേൽ നാളെ ഇതിലേക്ക് വലിച്ചിട്ടതിന് എന്നോട് പരിഭവിക്കും... കുറച്ചുനേരം ആലോചിച്ചിരുന്ന് അവസാനം എഴുതി തുടങ്ങി...
പ്രിയപ്പെട്ട ദൈവത്തിന്....
             എല്ലാം അറിയുന്ന നിനക്ക് എന്നെ കുറിച്ച് കൂടുതൽ പറഞ്ഞു തരണ്ടല്ലോ.. ചിരിക്കാൻ ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു... കരയാൻ എൻറെ ആണത്തം അനുവദിക്കുന്നുമില്ല.. ഒരു ഒളിച്ചോട്ടം അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഞാനിപ്പോൾ പോകാൻ തീരുമാനിച്ചത്.. ആരോടും അനുവാദം ചോദിക്കുന്നില്ല.. യാത്ര പറയാനും നിൽക്കുന്നില്ല... പോവുകയാണ് ഞാൻ..
എന്ന് സ്വന്തം...
ഞാൻ...
പിന്നെ ആ കത്തിലേക്കൊന്ന് നോക്കുക കൂടി ചെയ്യാതെ വേഗം കട്ടിലിൽ വന്നു കിടന്നു..
    *****
              രാവിലെ പുറത്തെന്തോ ഒച്ച കേട്ടാണ് ഉണർന്നത്.. ശ്ശേ.. ഞാനുറങ്ങി പോയോ.. രാവിലെ എഴുന്നേറ്റ് യാത്ര തിരിക്കണം എന്നോർത്തതായിരുന്നു.. ഇനി പുറത്തെന്താണാവോ ശബ്ദം.. പുറത്തേക്കു ഇറങ്ങും മുൻപ് മേശയിലേക്കൊന്നു നോക്കി.. കത്തവിടെ തന്നെയുണ്ട്.. റോഡിലേക്കിറങ്ങിയപ്പോൾ ആളുകൾ എവിടേക്കോ ഓടുന്നു.. അടുത്തുള്ള റയിൽപാളത്തിൽ രാത്രി ആരോ തല വച്ചത്രേ.. ഞാനും അവരോടൊപ്പം ഓടി...
   ആളുകൾ നന്നേ കൂടി നിൽപുണ്ട്... അവർക്കിടയിലൂടെ ഞാൻ നടുവിലേക്ക് നടന്നു.. അവിടെ മുഴുവൻ ചോരയിൽ കുളിച്ചു കിടക്കുന്നു.. ട്രെയിൻ കയറിയിറങ്ങിയപ്പോൾ ചിതറി തെറിച്ച മാംസകഷ്ണങ്ങൾ അവിടവിടെ കാണാമായിരുന്നു.. ഞാൻ പെട്ടെന്ന് ഒന്നറച്ചു.. പേടിച്ചുപോയി എന്ന് തന്നെ പറയാം.. ദൈവമേ എൻറെ മരണം ഇങ്ങനാകരുതേ എന്ന് പ്രാർഥിച്ച് തിരിച്ചു നടക്കാൻ ഒരുങ്ങുമ്പോളാണ് അത് കാണുന്നത്... എൻറെ അമ്മ അവിടെയിരുന്ന് അലറി കരയുന്നു..  ഞാൻ അപ്പോഴാണ് ആ മൃതദേഹം ശ്രദ്ധിച്ചത്... അയാൾക്ക് എൻറെ മുഖം..
അപ്പോളേ എനിക്ക് മനസ്സിലായുള്ളൂ.... ഞാൻ രാത്രി തന്നെ യാത്ര തിരിച്ചിരുന്നു....