ഇപ്പോൾ സമയം

കിങ്ങിണി - ഒരു ആശുപത്രി ഓർമ്മ

ആശുപത്രിയിൽ എത്തിയിട്ട് രണ്ട് ദിവസം ആയി. ഫോണും മറ്റും കൊണ്ട്പോകാഞ്ഞത് കൊണ്ട് ശരിക്കും ഒരു ഏകാന്തതയാണ്. പരിചയമില്ലാത്ത ഒരു സ്ഥലത്ത് ഒന്നും ചെയ്യാതെ എങ്ങനെ ദിവസങ്ങൾ തള്ളി നീക്കും! അവസാനം ഞാൻ പുറത്തിറങ്ങി നടക്കാൻ അനുവാദം വാങ്ങി. ആശുപത്രി വരാന്തയിൽ കൂടി അങ്ങനെ നടന്നു. പലരുടെയും മുഖത്ത് എന്തെന്നില്ലാത്ത ഭയം കാണാം. ഈറനണിഞ്ഞ കണ്ണുകൾ കാണാം. ഇടയ്ക്ക് സന്തോഷത്തിന്റെയും ധൈര്യത്തിൻറെയും ആത്മവിശ്വാസത്തിൻറെയും മുഖങ്ങളും കാണാം.
  അങ്ങനെ നടന്ന് നടന്ന് കുട്ടികളുടെ ക്യാൻസർ വാർഡിന്റെ വരാന്തയിലെത്തി. അകത്തേക്ക് നോക്കിയപ്പോൾ ഈ വഴി വരേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി. ചികിത്സ കാരണം തലയിൽ മുടിപോലുമില്ലാത്ത അവശകോലങ്ങൾ. ആരുടെയൊക്കെയോ ദയയിൽ കഴിയുന്നവരാണ് പലരും. അല്ലെങ്കിൽ ഇവിടിങ്ങനെ കിടക്കില്ല. എന്നെ പോലെ ഏതേലും മുറിയിൽ സുഖമായി കിടക്കാമായിരുന്നു.
  ചിന്തകളിൽ നിന്നു ഉണർത്തിയത് ആരോ ഉടുപ്പിൽ പിടിച്ച് വലിക്കുന്നു എന്ന് തോന്നിയപ്പോളാണ്. തിരിഞ്ഞുനോക്കിയപ്പോൾ ഒരു കുട്ടി. 10 വയസ്സേ കാണൂ പ്രായം. നല്ല ശ്രീത്വം ഉള്ള ചിരി. പക്ഷേ മുഖത്ത് ക്ഷീണം. ഞാൻ ചോദിച്ചു: "എന്താ മോൾടെ പേര്?"
"കിങ്ങിനി"
കിങ്ങിണി എന്നായിരിക്കും. അവൾടെ അമ്മ ആയിരിക്കണം. കൂടെയുള്ള സ്ത്രീ വായിൽകൊള്ളാത്ത മറ്റെന്തോ പറഞ്ഞു. ഞാനത് കേട്ടത് പോലുമില്ല.  പിന്നെയും കുറെ നേരം എന്തൊക്കെയോ ചോദിച്ചു. എനിക്കെന്തോ ആ കുട്ടിയെ ഒരുപാടങ്ങ് ഇഷ്ടമായി. തിരിച്ചു ചെല്ലാൻ പറഞ്ഞ സമയമായപ്പോൾ നാളെ വരാമെന്ന് പറഞ്ഞ് നടന്നു. അടുത്ത ദിവസം ഞാൻ കിങ്ങിണിയെ കാണാൻ ചെന്നു. നേരത്തെ പരിചയമുള്ളപോലാണ് ആ കുട്ടി എന്നോട് സംസാരിച്ചത്. ഒരുപാടെന്തൊക്കെയോ കഥകൾ പറഞ്ഞു. പിന്നീട് എന്നും അവളെ കാണാൻ വേണ്ടി മാത്രം ഞാൻ അവിടേക്ക് പോയി തുടങ്ങി. ഒരു ദിവസം അവൾ ചോദിച്ചു :"ചേച്ചീ.. ഈ വെള്ളിനക്ഷത്രത്തിലെ (സിനിമ) പോലെ മരിക്കുന്നവർ നക്ഷത്രം ആകുമോ?"
"അറിയില്ല മോളേ"
"ആകും ചേച്ചീ, ഞാനും നക്ഷത്രം ആകും. എന്നിട്ട് ചേച്ചിയെ കാണാൻ വരും"
ഞാൻ പിന്നൊന്നും പറഞ്ഞില്ല. അവളുടെ പല വാക്കുകൾക്കും മറുപടി പറയാനുള്ള കഴിവെനിക്ക് അല്ലേലും ഇല്ല. അന്ന് പോകാൻ എണ്ണീറ്റപ്പോ ഞാൻ പറഞ്ഞു : "ഇനി കുറച്ചു ദിവസം ചേച്ചി വരില്ല. ചേച്ചിയേ മറക്കല്ലേ.."
അവൾ തലയാട്ടിയതേ ഉള്ളൂ.
××××
5 ദിവസം കഴിഞ്ഞാണ് പിന്നെ എനിക്ക് പുറത്തേക്ക് ഇറങ്ങാൻ പറ്റിയത്.
കിങ്ങിണിയുടെ അടുത്തേക്കാണ് ആദ്യം പോയത്. പക്ഷേ.. അവൾ അവിടെ ഇല്ലായിരുന്നു. അവിടെയെന്നല്ല ഈ ലോകത്ത് തന്നെ ഇല്ലായിരുന്നു. ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഷോക്ക്.
വീട്ടിൽ തിരിച്ചെത്തിയിട്ടും ആ ഓർമ്മകൾ എന്നെ വിട്ട് പോയിട്ടില്ല. അവൾ പറഞ്ഞത് പോലെ എന്നെ കാണാൻ ഒരു നക്ഷത്രമായി അവൾ വരുന്നുണ്ടാകും.. ല്ലേ...
കാശുണ്ടായിരുന്നെങ്കിൽ നേരത്തെ ചികിത്സ ലഭിച്ച് ആ സുന്ദരികുട്ടി ഇന്നും ജീവിച്ചിരുന്നേനേം...