ഇപ്പോൾ സമയം

രണ്ട് വെള്ളിക്കാശ്

  ആ ശവപറമ്പിലേക്ക് നടക്കുമ്പോൾ മേരിയമ്മച്ചിയുടെ വാർദ്ധക്യം ബാധിച്ച മനസ്സ് ഓർമ്മകളിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയായിരുന്നു..വളരെ ചെറുപ്പം മുതൽ തൻറെ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകൾ കണ്ടു വളർന്ന തൻറെ സ്വന്തം പള്ളിയും അവിടത്തെ ഓരോ ആളുകളും ഓർമ്മയിൽ മിന്നി മായുന്നു. ബാല്യവും കൗമാരവും കടന്നു യൗവ്വനവത്തിലെത്തിയപ്പോൾ ഒരു പുരുഷന്റെ കരുതലിലേക്ക് മാറേണ്ടിയിരുന്നതാണ്. പക്ഷേ ജീവിതസാഹചര്യങ്ങൾ അതിന് അനുവദിക്കാതിരുന്നത് കൊണ്ട് അന്നും തനിക്കീ പള്ളി തന്നെയായിരുന്നു ശരണം. ജീവിതസായാഹ്നത്തിൽ പോലും പല സ്ഥലങ്ങളിലും വീട്ടുജോലിക്ക് പോയും ഉപ്പേരി കമ്പനിയിൽ പാക്കിംഗിൽ സഹായിച്ചും കുറെ പണം സ്വരൂപിച്ചു. പക്ഷേ അതൊന്നും നൽകാൻ തനിക്ക്ആരുമില്ലെന്ന് മാത്രം.  വർഷങ്ങളേറെ കടന്നു പോയി. ഒപ്പമുണ്ടായിരുന്ന പലരും ജീവിതവെയിലിൽ വാടി കൊഴിഞ്ഞു. ഇനി അധികം വൈകാതെ നല്ലൊരു ഉച്ചവെയിൽ തൻറെ തലയ്ക്ക് മുകളിലും വരും അന്ന് താനും വാടികരിയും എന്ന് മാത്രം മനസ്സ് മന്ത്രിച്ച് തുടങ്ങി.
          അങ്ങനെയിരിക്കെയാണ് തൻറെ സന്തത സഹചാരിയായ പള്ളി പുതുക്കി പണിയാൻ പോകുന്നു എന്ന വാർത്ത കേട്ടത്. പള്ളിയിൽ ഉള്ള എല്ലാവരും അവരവരാൽ കഴിയുന്ന സംഭാവന നൽകണമെന്ന് വികാരിയച്ചൻ പ്രസ്താവിക്കുകയും ചെയ്തു. വീട്ടിലെത്തിയ ഉടൻ താൻ അത്വരെ സ്വരുകൂട്ടിയ നുള്ളി പെറുക്കി എണ്ണി. 5000 രൂപ തികച്ചുണ്ടായിരുന്നു. പ്രതീക്ഷിച്ചിരുന്നതിലും കൂടുതൽ. പരിവിനായി അച്ചനും കമ്മിറ്റിക്കാരും വന്നപ്പോൾ അതിൽ നിന്ന് ഒരു രൂപ പോലും മാറ്റി വയ്ക്കാതെ അച്ചനെ ഏൽപ്പിച്ചു. പണം കയ്യിലേക്ക് വാങ്ങുമ്പോൾ അച്ചന്റെ കണ്ണ് നിറഞ്ഞിരിന്നു. എന്തിനാണെന്ന് ചോദിക്കാൻ സാധിച്ചില്ല. മണ്ണോട് ചേരാൻ കാത്തിരിക്കുന്ന സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത തനിക്ക് ഉള്ളതെല്ലാം താനേറെ സ്നേഹിക്കുന്ന പള്ളിയ്ക്ക് വേണ്ടി നൽകാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടായിരുന്നു തനിക്ക്.
               പള്ളി പണിയും കൂദാശയും കഴിഞ്ഞ് ഒരു ദിവസം വികാരിയച്ചൻ വീട്ടിൽ വന്നു പറഞ്ഞു : "ഇല്ലായ്മയിലും പള്ളിയെ ഇത്ര സ്നേഹിച്ച മേരിയമ്മചിക്ക് പള്ളി സൗജന്യമായി ഒരു കല്ലറ പണിയിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ഇടവകാംഗങ്ങളുടെ ചെലവിൽ"
   അച്ചൻ പോയി കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു വിങ്ങൽ മനസ്സിൽ. ജീവനോടെയുള്ള തനിക്ക് ഒരു കല്ലറ ഒരുങ്ങി കഴിഞ്ഞു. ഇനി മരിച്ചാൽ മാത്രം മതി. ചെന്നു കിടക്കാൻ കല്ലറ തയ്യാർ. .... എന്തൊക്കെയാണേലും ആ കല്ലറ ഒന്നു കാണാൻ തന്നെ തീരുമാനിച്ചാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. മറ്റാർക്കും ലഭിക്കാത്ത ഭാഗ്യമല്ലേ ജീവിച്ചിരിക്കുമ്പോൾ സ്വന്തം കല്ലറ കാണാൻ പോകുക എന്നത്.
      ഓർമ്മകളിൽ നിന്നുണർന്ന് നോക്കുമ്പോൾ നടന്ന് നടന്ന് തനിക്ക് വേണ്ടി പണിത കല്ലറയ്ക്കൽ എത്തിയിരുന്നു മേരിയമ്മച്ചി. കണ്ണുനീർ കാഴ്ച മറച്ചപ്പോൾ അത് തുടച്ച് കണ്ണട ഒന്നു നേരെയാക്കി അതിലെ അക്ഷരങ്ങൾ വായിച്ചു...
       "  Reseverd For:
            C C MARY
             X HOUSE  "