ഇപ്പോൾ സമയം

പേരില്ലാത്തൊരു കഥ

ഇത് വെറും കഥയല്ല.. എന്നത്തേയും പോലെ ഒരു പരിചിത ജീവിതമാണ്.. ഇതിൽ ജീവൻറെ ശ്വാസമുണ്ട്.
____

കാറിലിരുന്ന് ഒന്നു മയങ്ങി പോയി എന്ന് തോന്നുന്നു നീതു. മയക്കം ഞെട്ടി ഉണർന്നപ്പോൾ ഇപ്പോഴും പോലീസ് സ്റ്റേഷന് മുൻപിൽ തന്നെയാണെന്ന് മനസ്സിലായി. അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു. കാണുന്നില്ല. ഉള്ളിൽ സി.ഐയോട് സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ്. കാറിലിരുന്ന് പുറത്തേക്കു നോക്കിയ നീതു ഓർമ്മകളിലേക്ക് വഴുതി വീഴുകയാണ്.
ഇന്നലെ രാവിലെയാണ് നീതു ആദ്യമായി ഈ പോലീസ് സ്റ്റേഷനിൽ എത്തുന്നത്. ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. പേടിച്ച് പേടിച്ചാണെങ്കിലും ഉള്ളിൽ ചെന്ന നീതു ആദ്യം കണ്ട വനിത പോലീസിനോട് കാര്യം പറഞ്ഞു. സംഭവം കേട്ട വനിത പോലീസ് കോൺസ്റ്റബിൾ അത് വിമൻ സെല്ലിലേക്ക് അറിയിച്ചു. നീതുവിനെ അവിടേക്ക് വിളിപ്പിച്ചു. എന്താണ് സംഭവം എന്ന് വ്യക്തമായി പറയാൻ അവിടെ ഉണ്ടായിരുന്ന ഓഫീസർ ആവശ്യപ്പെട്ടു. നീതു പറഞ്ഞു തുടങ്ങി::
"ചതിക്കപ്പെട്ടവളുടെ കണ്ണീരാണ്. നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞാൻ എല്ലാം പറയുന്നത്.
വീട്ടിൽ ബുദ്ധിമുട്ട് ഒന്നും ഇല്ലാതിരുന്നിട്ടും അരക്ഷിത ചിന്തയാണ് എന്തെങ്കിലും ഒരു ജോലി എന്ന ചിന്ത എന്നിലേക്ക് കൊണ്ട്വന്നത്.  അങ്ങനെയാണ് നാട്ടിൽ നിന്ന് ഒരുപാട് അകലെയാണെങ്കിലും ആ സ്ഥാപനത്തിലെ അക്കൗണ്ട് സെക്ഷനിലെ ജോലിക്ക് പ്രവേശിച്ചത്. ജോയിൻ ചെയ്ത് മൂന്നു മാസം കഴിഞ്ഞാണ് എൻറെ വിധി എന്നെ തേടിയെത്തിയത്. പെൻഡിങ് വർക്കുകൾ തീർക്കാനായി പതിവിലും നേരത്തെ ഓഫീസിൽ എത്തേണ്ടി വന്നു. ആദ്യ ദിവസം തനിച്ച് ഇരുന്ന് വർക്കുകൾ തീർത്തു. അടുത്ത ദിവസം സഹായിക്കാനായി കൂടെ വർക്ക് ചെയ്യുന്ന കുമാർ എത്തി. ആരെയും സംശയ ദൃഷ്ടിയോടെ നോക്കാറില്ലായിരുന്നു ഞാൻ. പക്ഷേ ഇന്ന്, ഇവിടെയിരിക്കാൻ എൻറെ അമിതവിശ്വാസമാണ് കാരണം. ഒന്ന് ഉറക്കെ കരഞ്ഞാൽ പോലും പുറത്തു കേൾക്കാത്ത ഓഫീസ് മുറിയിൽ അയാൾ എന്നെ ക്രൂരമായി പിച്ചി ചീന്തി. ഏതൊരു തൻറേടിയായ പെണ്ണും ആണിൻറെ മുന്നിൽ ചില സമയത്ത് അടിയറവ് പറയും. പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന സ്ഥിരം ഭീഷണി നൽകിയിട്ട് അയാൾ പോയി. അത് അങ്ങനെ തീരട്ടെ എന്നു കരുതി ഞാൻ എല്ലാം എല്ലാവരിൽ നിന്നും മറച്ചു വച്ചു. പക്ഷേ എൻറെ വിധി എന്നെ പിന്തുടരുക തന്നെ ചെയ്തു. അപ്രതീക്ഷിതമായി വീണ്ടും അയാളുടെ മുന്നിൽ. ഇത്തവണ വിജയം എൻറേതാകണം എന്ന് കരുതി അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച എന്നെ അയാൾ മർദ്ദിച്ചു. പിന്നെ ഉണരുമ്പോൾ ഞാൻ ഒരു ആശുപത്രിയിലായിരുന്നു. പെട്ടെന്ന് നിലത്തു വീണ ഞാൻ ബോധം പോയിരുന്നു. ഒരു കൈയുടെ ചലനശേഷിയും ഭാഗികമായി നഷ്ടപ്പെട്ടു. ആശുപത്രി വിടുന്നതിന് മുൻപ് എന്നെ തേടി ടെർമിനേഷൻ ലെറ്റർ എത്തി. ഞാൻ ചെയ്ത കുറ്റം: കൂടെ ജോലി ചെയ്ത ആളെ പ്രകോപിപ്പിച്ചു.  എന്നിട്ടും ഓഫീസിലേക്ക് ചെന്ന എന്നെ സ്വാഗതം ചെയ്തത് ഒരു വേശ്യയോട് എന്ന രീതിയിലുള്ള പെരുമാറ്റമാണ്. എനിക്ക് നീതി കിട്ടണമെന്ന് വാദിച്ച എന്നെ അവർ ആട്ടി പുറത്താക്കി. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞു. അവസാനം ഒന്നും കൂടെ പറഞ്ഞു. എന്നെ ഈ പോലീസ് സ്റ്റേഷനിൽ എത്തിച്ച ഒരു വാക്ക്. -നീ വെറും പെണ്ണാണ്.. നിന്നെകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന്- അത് എനിക്ക് കാണിച്ചു കൊടുക്കണം.  എന്നെ കൊണ്ട് ചെയ്യാൻ ആവുന്നത്. എൻറെ മാനം എൻറെ ജോലി എൻറെ ജീവിതം. എനിക്ക് എല്ലാം നഷ്ടപ്പെട്ടു. എനിക്ക് നീതി കിട്ടണം"

നീതു പറഞ്ഞു നിർത്തി. കേട്ടിരുന്ന പോലീസ് ഓഫീസർ ഇത് എന്നും കേൾക്കുന്ന ഒരു സംഭവം എന്ന രീതിയിൽ കേട്ടു. അവർ പറഞ്ഞു. "ആദ്യമായാണ് ഒരു പെൺകുട്ടി തനിയെ ഒരു പരാതിയുമായി എത്തുന്നത്. അതും ഒരു പീഡനക്കേസിലേക്ക്. കുട്ടി ഒരു പരാതി എഴുതി തരൂ. എന്നിട്ട് ഞാൻ മൊഴിയെടുക്കാം. അവനെ നമുക്ക് ഇന്ന് തന്നെ അറസ്റ്റ് ചെയ്യാം" പരാതി എഴുതി കൊടുത്ത നീതു ഉള്ളിൽ കരയുകയായിരുന്നു. ഇത്രയും ധൈര്യം എവിടുന്നു വന്നു എന്നു പോലും അവൾക്ക് അറിവില്ലായിരുന്നു. വീട്ടിൽ പോലും പറയാതെ ഒരു പോലീസ് സ്റ്റേഷനിൽ വന്നു പരാതി കൊടുക്കാനുള്ള ധൈര്യം.
പരാതി എഴുതി കൊടുത്താതം മൊഴി എടുക്കാൻ ആളു വന്നു. സി.ഐ ആണ് കേസ് അന്വേഷിക്കുന്നത്. അതുകൊണ്ട് ജൂനിയർ പോലീസുകാരെല്ലാം വന്നു. ആളെ കിട്ടാൻ സാധ്യത ഉള്ള സ്ഥലങ്ങളും അഡ്രസും ഫോട്ടോയും എല്ലാം വാങ്ങി എല്ലാവരും ഒരോ വഴിക്ക് അന്വേഷണത്തിന് ഇറങ്ങി. മൊഴി എടുക്കാൻ വന്ന ആളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പല തവണ പതറിയെങ്കിലും കാര്യങ്ങൾ മുഴുവൻ നീതു വിശദീകരിച്ചു. തനിയെ വന്നത് കൊണ്ട് നീതുവിനെ തനിയെ തിരികെ വിടാൻ പോലീസ് വിസമ്മതിച്ചു. വീട്ടിൽന്ന് ആളു വരാതെ വിടില്ല എന്ന് കേട്ട് നീതു ഞെട്ടി. അച്ഛനും അമ്മയും ഇതറിഞ്ഞാൽ തകർന്നു പോകും. പക്ഷേ ഇവിടുന്നു പോകാൻ വേറെ നിവർത്തിയില്ല. അങ്ങനെ നീതുവിൻറെ വീട്ടിൽ അറിയിച്ചു. ഇനി അവർ വരണം നീതുവിന് പോകാൻ. നാട്ടിൽ നിന്ന് അവിടെ വരെ എത്താൻ വളരെ നേരമെടുക്കും. സമയം 2 മണി ആയി. പല തവണ പോലീസുകാർ നീതുവിനോട് പല വിവരങ്ങളും തിരിക്കി തിരിച്ചു പോകുന്നു. അങ്ങനെ അങ്ങനെ സമയം 5 ആയി. ഓഫീസ് ടൈം കഴിഞ്ഞു. ഇതുവരെ അയാളെ അന്വേഷിച്ചു പോയ പോലീസുകാർക്ക് അയാളെ കണ്ടെത്താൻ ആയില്ല. നീതുവിൻറെ വീട്ടിൽനിന്നും എത്തിയിട്ടില്ല. പക്ഷേ ഇനി ആ സ്റ്റേഷനിൽ നീതുവിനെ ഇരുത്താൻ പറ്റില്ല. അതുകൊണ്ട് നീതുവിനെ അവിടെ നിന്ന് അടുത്തുള്ള വനിത പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അവിടെ എത്തിയപ്പോൾ വീണ്ടും അവരോട് സംഭവം വിവരിച്ചു കൊടുക്കേണ്ടി വന്നു. അന്യൻറെ സങ്കടമാണല്ലോ നമ്മുടെ സന്തോഷം. നീതുവിൻറെ മനസ്സിലെ വേദന അവര് അറിയുന്നുമില്ലല്ലോ. വീണ്ടും അവിടെ കുറെ മണിക്കൂറുകൾ. രാത്രി 8:30 ആയപ്പോൾ ആണ് സി.ഐ ഓഫീസിൽ നീതുവിൻറെ അച്ഛനും അമ്മയും എത്തിയത്. രാവിലെ 10 മണി മുതൽ ആ നിമിഷം വരെ പച്ച വെള്ളം പോലും കുടിക്കാതെ നീതു, പരാതി കൊടുക്കാൻ എത്തിയ ആൾ പ്രതിയെ പോലെ പോലീസ് സ്റ്റേഷനിൽ. രണ്ട് സ്റ്റേഷനിൽ നിന്നും നീതു പല തരത്തിലുള്ള കുറ്റവാളികളെ കണ്ടു. മനസ്സ് മരവിച്ച ഒരവസ്ഥയിൽ എത്തിയിരുന്നു. അവസാനം രാത്രി വീണ്ടും പോലീസ് ജീപ്പിൽ പഴയ സ്റ്റേഷനിലേക്ക്. അവിടെ കാത്തു നിൽക്കുന്ന അച്ഛന്റെയും അമ്മയുടേയും മുഖം ഓർക്കുമ്പോൾ അങ്ങോട്ട് പോകണമെന്ന് പോലും നീതുവിനില്ല.
അങ്ങനെ രാത്രി 9 മണിയായപ്പോൾ അച്ഛനോടൊപ്പം നീതു സ്റ്റേഷൻറെ പടിയിറങ്ങി. അപ്പോഴും അയാളെ കണ്ടെത്താൻ പോലീസിനായിരുന്നില്ല. സ്റ്റേഷനിൽ നിന്ന് കാർ നീതു ജോലി ചെയ്തിരുന്ന ഓഫീസിനു മുന്നിലൂടെ ആണ് പോയത്. അറിയാതെ അവിടേക്ക് നോക്കിയ നീതു ഞെട്ടി. രാവിലെ മുതൽ അന്വേഷിച്ചിട്ടും കണ്ടില്ല എന്ന് പറഞ്ഞ അയാൾ അവിടെ നിൽക്കുന്നു. എല്ലാ ബോധവും നഷ്ടപ്പെട്ട നീതു ഓടിക്കൊണ്ടിരുന്ന കാർ തുറന്നു പുറത്തേക്കു ഇറങ്ങാൻ ശ്രമിച്ചു. കാര്യം മനസ്സിലാകാതെ നീതുവിൻറെ അച്ഛൻ കാർ നിർത്തി. പുറത്തേക്കു ഇറങ്ങിയ നീതു സി.ഐ ഓഫീസിലേക്കാണ് ആദ്യം വിളിച്ചു കാര്യം പറഞ്ഞത്. അവർ പറഞ്ഞു: "അയാൾ അവിടെ നിന്ന് പോകാതെ ശ്രദ്ധിക്കുക. ഞങ്ങൾ ഇപ്പോൾ വരാം" നീതു നടന്ന് അയാളുടെ അടുത്തെത്തി. സ്റ്റേഷൻ അടുത്തു തന്നെ ആയിരുന്നതു കൊണ്ട് വേഗം തന്നെ സി.ഐ ഉൾപ്പെടെ അവിടെ എത്തി. അയാളെ ജീപ്പിൽ കയറ്റി കൊണ്ട് പോകുന്നത് പ്രതികാര മനസ്സോടെ നീതു നോക്കി നിന്നു. നാളെ രാവിലെ സ്റ്റേഷനിൽ വരണം എന്ന് പറഞ്ഞു പോലീസ് പോയി. നീതു വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് അച്ഛനും അമ്മയും ഒപ്പം നീതു പോയി. ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് പോയി. ഭയപ്പെടുത്തുന്ന ഒരു മൗനം അവരുടെ ഇടയിൽ തളം കെട്ടി നിന്നിരുന്നു. നീതുവിൻറെ ചിന്തകൾ പലയിടത്തേക്ക് പോകുന്നത് ആരും അറിഞ്ഞില്ല. മരണം എന്നതു മാത്രമാണ് ഇനി മുന്നിലുള്ള വഴി എന്ന് അവൾ ഉറപ്പിച്ചു. എല്ലാവരും ഉറങ്ങി എന്ന് വിചാരിച്ച് അകത്തിരുന്ന കത്തി എടുത്ത് കൈതണ്ട മുറിച്ചു. പക്ഷേ ശബ്ദം കേട്ട് എണ്ണീറ്റു വന്ന അച്ഛനും അമ്മയും ചോരയിറ്റിച്ച് നിൽക്കുന്ന മകളെയാണ്. അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഉറങ്ങാതെ അന്ന് രാത്രി നീതുവിനവർ കാവലിരുന്നു.

ഓർമ്മകളിൽ നിന്ന് നീതു ഞെട്ടി ഉണർന്നു. ഇപ്പോഴും അകത്തേക്ക് പോയ അച്ഛനും അമ്മയും തിരിച്ചു വന്നിട്ടില്ല. അകത്തു അയാളും കാണും. ഇനിയുള്ള നാളുകൾ ജയിലിലും കോടതിയിലുമായി ജീവിതം തള്ളി നീക്കണ്ട അയാൾ. എത്ര നാൾ ശിക്ഷിക്കപ്പെട്ടാലും നീതുവിന് നഷ്ടപ്പെട്ടതൊന്നും തിരിച്ചു നൽകാൻ ആവില്ല. മാനം, തീരാവേദനയുമായി ഒരു കൈ, പേടിയും ടെൻഷനും നിറഞ്ഞ വരാനിരിക്കുന്ന ദിവസങ്ങൾ. ഒന്നും ഒരു ശിക്ഷയ്ക്കും പകരം വയ്ക്കാൻ ആവില്ല. പേടിപ്പെടുത്തുന്ന മുൻപോട്ടുള്ള ജീവിതത്തെ കുറിച്ച് ഓർത്ത് നീതു വീണ്ടും ഓർമ്മകളിലേക്ക് വഴുതി വീണു. ഉറക്കം ഞെട്ടി ഉണരാനുള്ള ഒരുപാട് രാത്രികളിലെ ഓർമ്മകളിലേക്ക്.

ഗ്ലൂമി സൺഡേ - മലയാള പരിഭാഷ

ഹംഗേറിയൻ ഗായകൻ Resse Seresൻറെ ഗ്ലൂമി സൺഡേ എന്ന ഗാനം..
മരണത്തിൻറെ പാട്ട് എന്ന് അറിയപ്പെടുന്ന ഇത് കേട്ട് പലരും ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്..
ഗ്ലൂമി സൺഡേയുടെ മലയാള പരിഭാഷ - Word to Word Translation എൻറെ എളിയ ശ്രമം


ഈ ഞായർ മൗനിയാണ്..
എൻറെ യാമങ്ങൾ ഉറക്കമില്ലാത്തതും..
എന്നോടൊപ്പമുള്ള എൻറെ പ്രിയപ്പെട്ട നിഴലുകൾ എണ്ണമറ്റതാണ്..
ഈ വെളുത്ത ലില്ലി പൂക്കൾ നിന്നെ ഉണർത്തില്ല..
ദുഃഖത്തിൻറെ കറുത്ത വണ്ടികൾ നിന്നെ എവിടെയും കൊണ്ടുപോകയില്ല..
പക്ഷേ മാലാഖമാർ നിന്നെ തിരികെ നൽകാൻ വിസമ്മതിക്കുന്നു..
ഞാനും നിന്നോടൊപ്പം വരുന്നതിൽ അവർ കോപിക്കുമോ...!

ഈ ഞായർ മൗനിയാണ്..
നിഴലുകളോടൊപ്പം ഞാനീ നിമിഷങ്ങൾ ചെലവഴിക്കുന്നു..
എൻറെ മനസ്സ് ഒരു അവസാനത്തിനായ് ഒരുങ്ങി കഴിഞ്ഞു..
ദുഃഖകരമായ പ്രാർഥനകളും മെഴുകുതിരികളും എനിക്കായി തയ്യാറെടുത്തിരിക്കുന്നു..
അവർ കരയാതിരിക്കട്ടെ..
ഞാൻ സന്തോഷത്തോടെയാണ് യാത്രയാവുന്നതെന്ന് അവർ അറിയണം..
മരണം വെറുമൊരു സ്വപ്നമല്ല..
ഈ മരണത്തിലാണ് ഞാൻ നിന്നെ വാരിപുണരാൻ കാത്തിരിക്കുന്നത്..
എൻറെ അവസാന ശ്വാസത്തിലും എൻറെ അനുഗ്രഹാശിസ്സുകൾ നിനക്കായായിരിക്കും..
ഈ ഞായർ മൗനിയാണ്..

യഥാർത്ഥ ഗാനം ഇതുവരെയെ ഉണ്ടായിരുന്നുള്ളൂ.. ആത്മഹത്യയുടെ എണ്ണം കൂടിയപ്പോൾ ഒരു ഭാഗം കൂടെ ചേർത്ത് ഇതൊരു സ്വപ്നമായി വിഭാവന ചെയ്തിരിക്കുകയാണ്..
*ചുവടെ*

ഇതൊരു സ്വപ്നമായിരുന്നു..
വെറും സ്വപ്നം..
ഉണർന്നപ്പോൾ നീ എൻറെ ഹൃദയത്തിൻറെ അഗാധതയിൽ സുഖമായുറങ്ങുന്നുണ്ടായിരുന്നു...
പ്രിയതമാ.. എൻറെ സ്വപ്നം നിന്നെ വേട്ടയാടുകയില്ലെന്ന് വിശ്വസിക്കട്ടേ?
എൻറെ മനസ്സ് എന്നെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ്..
എനിക്ക് നീ എത്ര  വിലപ്പെട്ടതാണെന്ന്..

ഈ ഞായർ മൗനിയാണ്...

Singer Billy Holiday Translated this Hungarian song to English.