ഇപ്പോൾ സമയം

ചിന്തകൾ പിടിമുറുക്കുമ്പോൾ.

പതിവില്ലാതെ, തലവേദന എന്ന് പറഞ്ഞ് നേരത്തെ തന്നെ ഞാൻ കിടന്നു. എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് അങ്ങനെ കിടക്കുകയായിരുന്നു. എപ്പോഴോ മനുവേട്ടൻ മുറിയിലേക്ക് വന്നപ്പോഴും ഞാൻ ഉറങ്ങിയിട്ടില്ലായിരുന്നു. പക്ഷേ ഉറക്കം നടിച്ച് അവിടെ തന്നെ കിടന്നു. മനുവേട്ടൻ അടുത്തു വന്ന് ഞാൻ ഉറങ്ങുകയാകും എന്നു കരുതി തലയിൽ ഒന്നു തലോടി അടുത്തു വന്നു കിടന്നു. ക്ഷീണിച്ചു വന്നതായിരുന്നെന്ന് തോന്നുന്നു. പെട്ടെന്ന് തന്നെ ആൾ ഉറക്കമായി. അപ്പോഴും എന്റെ ചിന്ത കുറച്ചു ദിവസമായി ഞാൻ മനസ്സിൽ കരുതിയ ഒരു കാര്യം എങ്ങനെ പ്രാവർത്തികമാക്കും എന്നായിരുന്നു.

10 വർഷം മുൻപ് ഞങ്ങൾ ആദ്യമായി കണ്ട നാൾ മുതൽ ഇണപിരിയാത്ത സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾ. പിന്നെ ഞങ്ങൾ പ്രണയത്തിലായപ്പോഴും 5 വർഷത്തെ പ്രയത്നത്തിനൊടുവിൽ വിവാഹിതരായിട്ടും ഇന്ന് ഈ നാൾ വരെ ആ സൗഹൃദം അതുപോലെ തന്നെ ആയിരുന്നു. പക്ഷേ ഞങ്ങളുടെ സന്തോഷത്തിന് മാറ്റ് കൂട്ടാൻ ഒരാളെ കൂടി കൊടുക്കാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. പ്രണയിച്ചു നടന്ന കാലം മുതൽ ഏട്ടൻ ഇടയ്ക്കിടെ കുട്ടികളെ കുറിച്ചുള്ള സ്വപ്നങ്ങൾ പറയുമായിരുന്നു. തമാശയ്ക്ക് ഞാൻ അന്നൊക്കെ ചോദിച്ചിട്ടുണ്ട് 'ഇനി എങ്ങാനും കുട്ടി ഉണ്ടായില്ലെങ്കിലോ' എന്ന്. കുട്ടികൾ ഇല്ലാതെ ജീവിതം എന്ത് മാത്രം വിഷമം നിറഞ്ഞതായിരിക്കും എന്ന്  അപ്പോഴൊക്കെ ഏട്ടൻ പറയും. ഇന്ന് ആ തമാശ സത്യം ആയിരിക്കുന്നു. 5 വർഷങ്ങൾ. എനിക്ക് ഒരിക്കലും അതിന് സാധിക്കില്ല എന്ന് ഉറപ്പായിരിക്കുന്നു. ഇനിയും എത്ര നാൾ..

ചിന്തകൾ മാറ്റി വച്ച് ഞാൻ മനുവേട്ടനെ ഒന്നു നോക്കി. സുഖമായുറങ്ങുന്നു. ഞാൻ പതിയെ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു. ഇരുട്ടിൽ സ്വന്തം മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പേടിച്ചിരുന്ന ഞാൻ ഇപ്പൊ ഒരു ഭയവുമില്ലാതെ. അടുക്കളയിൽ എത്തി ലൈറ്റ് ഇട്ടു. അവിടിരുന്ന കത്തി പതിയെ കയ്യിൽ എടുത്തു. വേദനിക്കും. എങ്കിലും ബാക്കി എല്ലാ വഴിയും ആലോചിച്ചിട്ടും അല്പം ധൈര്യം തോന്നിയത് ഈ ഒരു കാര്യത്തിൽ മാത്രമാണ്. പകൽ തന്നെ കത്തിക്ക് നന്നായി മൂർച്ച കൂട്ടി വച്ചിരുന്നു. വേഗം തന്നെ കാര്യം സാധിക്കണം. പേടി തിരിച്ചു വിളിക്കുന്നതിന് മുൻപ്. കത്തി കൃത്യ സ്ഥാനത്ത് പിടിച്ചു. ഒറ വലി. അത്രമാത്രം. കണ്ണുകൾ ഇറുക്കി അടച്ചു. കൈഞരമ്പിൽ ചേർത്ത് വച്ചിരുന്ന കത്തി വലിയ്ക്കാൻ ഒരുങ്ങി.

പെട്ടെന്ന് ഒരു കൈ എന്നെ തൊട്ടു.

മനുവേട്ടൻ....