ഇപ്പോൾ സമയം

പേരില്ലാത്തൊരു കഥ

ഇത് വെറും കഥയല്ല.. എന്നത്തേയും പോലെ ഒരു പരിചിത ജീവിതമാണ്.. ഇതിൽ ജീവൻറെ ശ്വാസമുണ്ട്.
____

കാറിലിരുന്ന് ഒന്നു മയങ്ങി പോയി എന്ന് തോന്നുന്നു നീതു. മയക്കം ഞെട്ടി ഉണർന്നപ്പോൾ ഇപ്പോഴും പോലീസ് സ്റ്റേഷന് മുൻപിൽ തന്നെയാണെന്ന് മനസ്സിലായി. അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു. കാണുന്നില്ല. ഉള്ളിൽ സി.ഐയോട് സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ്. കാറിലിരുന്ന് പുറത്തേക്കു നോക്കിയ നീതു ഓർമ്മകളിലേക്ക് വഴുതി വീഴുകയാണ്.
ഇന്നലെ രാവിലെയാണ് നീതു ആദ്യമായി ഈ പോലീസ് സ്റ്റേഷനിൽ എത്തുന്നത്. ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. പേടിച്ച് പേടിച്ചാണെങ്കിലും ഉള്ളിൽ ചെന്ന നീതു ആദ്യം കണ്ട വനിത പോലീസിനോട് കാര്യം പറഞ്ഞു. സംഭവം കേട്ട വനിത പോലീസ് കോൺസ്റ്റബിൾ അത് വിമൻ സെല്ലിലേക്ക് അറിയിച്ചു. നീതുവിനെ അവിടേക്ക് വിളിപ്പിച്ചു. എന്താണ് സംഭവം എന്ന് വ്യക്തമായി പറയാൻ അവിടെ ഉണ്ടായിരുന്ന ഓഫീസർ ആവശ്യപ്പെട്ടു. നീതു പറഞ്ഞു തുടങ്ങി::
"ചതിക്കപ്പെട്ടവളുടെ കണ്ണീരാണ്. നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞാൻ എല്ലാം പറയുന്നത്.
വീട്ടിൽ ബുദ്ധിമുട്ട് ഒന്നും ഇല്ലാതിരുന്നിട്ടും അരക്ഷിത ചിന്തയാണ് എന്തെങ്കിലും ഒരു ജോലി എന്ന ചിന്ത എന്നിലേക്ക് കൊണ്ട്വന്നത്.  അങ്ങനെയാണ് നാട്ടിൽ നിന്ന് ഒരുപാട് അകലെയാണെങ്കിലും ആ സ്ഥാപനത്തിലെ അക്കൗണ്ട് സെക്ഷനിലെ ജോലിക്ക് പ്രവേശിച്ചത്. ജോയിൻ ചെയ്ത് മൂന്നു മാസം കഴിഞ്ഞാണ് എൻറെ വിധി എന്നെ തേടിയെത്തിയത്. പെൻഡിങ് വർക്കുകൾ തീർക്കാനായി പതിവിലും നേരത്തെ ഓഫീസിൽ എത്തേണ്ടി വന്നു. ആദ്യ ദിവസം തനിച്ച് ഇരുന്ന് വർക്കുകൾ തീർത്തു. അടുത്ത ദിവസം സഹായിക്കാനായി കൂടെ വർക്ക് ചെയ്യുന്ന കുമാർ എത്തി. ആരെയും സംശയ ദൃഷ്ടിയോടെ നോക്കാറില്ലായിരുന്നു ഞാൻ. പക്ഷേ ഇന്ന്, ഇവിടെയിരിക്കാൻ എൻറെ അമിതവിശ്വാസമാണ് കാരണം. ഒന്ന് ഉറക്കെ കരഞ്ഞാൽ പോലും പുറത്തു കേൾക്കാത്ത ഓഫീസ് മുറിയിൽ അയാൾ എന്നെ ക്രൂരമായി പിച്ചി ചീന്തി. ഏതൊരു തൻറേടിയായ പെണ്ണും ആണിൻറെ മുന്നിൽ ചില സമയത്ത് അടിയറവ് പറയും. പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന സ്ഥിരം ഭീഷണി നൽകിയിട്ട് അയാൾ പോയി. അത് അങ്ങനെ തീരട്ടെ എന്നു കരുതി ഞാൻ എല്ലാം എല്ലാവരിൽ നിന്നും മറച്ചു വച്ചു. പക്ഷേ എൻറെ വിധി എന്നെ പിന്തുടരുക തന്നെ ചെയ്തു. അപ്രതീക്ഷിതമായി വീണ്ടും അയാളുടെ മുന്നിൽ. ഇത്തവണ വിജയം എൻറേതാകണം എന്ന് കരുതി അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച എന്നെ അയാൾ മർദ്ദിച്ചു. പിന്നെ ഉണരുമ്പോൾ ഞാൻ ഒരു ആശുപത്രിയിലായിരുന്നു. പെട്ടെന്ന് നിലത്തു വീണ ഞാൻ ബോധം പോയിരുന്നു. ഒരു കൈയുടെ ചലനശേഷിയും ഭാഗികമായി നഷ്ടപ്പെട്ടു. ആശുപത്രി വിടുന്നതിന് മുൻപ് എന്നെ തേടി ടെർമിനേഷൻ ലെറ്റർ എത്തി. ഞാൻ ചെയ്ത കുറ്റം: കൂടെ ജോലി ചെയ്ത ആളെ പ്രകോപിപ്പിച്ചു.  എന്നിട്ടും ഓഫീസിലേക്ക് ചെന്ന എന്നെ സ്വാഗതം ചെയ്തത് ഒരു വേശ്യയോട് എന്ന രീതിയിലുള്ള പെരുമാറ്റമാണ്. എനിക്ക് നീതി കിട്ടണമെന്ന് വാദിച്ച എന്നെ അവർ ആട്ടി പുറത്താക്കി. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞു. അവസാനം ഒന്നും കൂടെ പറഞ്ഞു. എന്നെ ഈ പോലീസ് സ്റ്റേഷനിൽ എത്തിച്ച ഒരു വാക്ക്. -നീ വെറും പെണ്ണാണ്.. നിന്നെകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന്- അത് എനിക്ക് കാണിച്ചു കൊടുക്കണം.  എന്നെ കൊണ്ട് ചെയ്യാൻ ആവുന്നത്. എൻറെ മാനം എൻറെ ജോലി എൻറെ ജീവിതം. എനിക്ക് എല്ലാം നഷ്ടപ്പെട്ടു. എനിക്ക് നീതി കിട്ടണം"

നീതു പറഞ്ഞു നിർത്തി. കേട്ടിരുന്ന പോലീസ് ഓഫീസർ ഇത് എന്നും കേൾക്കുന്ന ഒരു സംഭവം എന്ന രീതിയിൽ കേട്ടു. അവർ പറഞ്ഞു. "ആദ്യമായാണ് ഒരു പെൺകുട്ടി തനിയെ ഒരു പരാതിയുമായി എത്തുന്നത്. അതും ഒരു പീഡനക്കേസിലേക്ക്. കുട്ടി ഒരു പരാതി എഴുതി തരൂ. എന്നിട്ട് ഞാൻ മൊഴിയെടുക്കാം. അവനെ നമുക്ക് ഇന്ന് തന്നെ അറസ്റ്റ് ചെയ്യാം" പരാതി എഴുതി കൊടുത്ത നീതു ഉള്ളിൽ കരയുകയായിരുന്നു. ഇത്രയും ധൈര്യം എവിടുന്നു വന്നു എന്നു പോലും അവൾക്ക് അറിവില്ലായിരുന്നു. വീട്ടിൽ പോലും പറയാതെ ഒരു പോലീസ് സ്റ്റേഷനിൽ വന്നു പരാതി കൊടുക്കാനുള്ള ധൈര്യം.
പരാതി എഴുതി കൊടുത്താതം മൊഴി എടുക്കാൻ ആളു വന്നു. സി.ഐ ആണ് കേസ് അന്വേഷിക്കുന്നത്. അതുകൊണ്ട് ജൂനിയർ പോലീസുകാരെല്ലാം വന്നു. ആളെ കിട്ടാൻ സാധ്യത ഉള്ള സ്ഥലങ്ങളും അഡ്രസും ഫോട്ടോയും എല്ലാം വാങ്ങി എല്ലാവരും ഒരോ വഴിക്ക് അന്വേഷണത്തിന് ഇറങ്ങി. മൊഴി എടുക്കാൻ വന്ന ആളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പല തവണ പതറിയെങ്കിലും കാര്യങ്ങൾ മുഴുവൻ നീതു വിശദീകരിച്ചു. തനിയെ വന്നത് കൊണ്ട് നീതുവിനെ തനിയെ തിരികെ വിടാൻ പോലീസ് വിസമ്മതിച്ചു. വീട്ടിൽന്ന് ആളു വരാതെ വിടില്ല എന്ന് കേട്ട് നീതു ഞെട്ടി. അച്ഛനും അമ്മയും ഇതറിഞ്ഞാൽ തകർന്നു പോകും. പക്ഷേ ഇവിടുന്നു പോകാൻ വേറെ നിവർത്തിയില്ല. അങ്ങനെ നീതുവിൻറെ വീട്ടിൽ അറിയിച്ചു. ഇനി അവർ വരണം നീതുവിന് പോകാൻ. നാട്ടിൽ നിന്ന് അവിടെ വരെ എത്താൻ വളരെ നേരമെടുക്കും. സമയം 2 മണി ആയി. പല തവണ പോലീസുകാർ നീതുവിനോട് പല വിവരങ്ങളും തിരിക്കി തിരിച്ചു പോകുന്നു. അങ്ങനെ അങ്ങനെ സമയം 5 ആയി. ഓഫീസ് ടൈം കഴിഞ്ഞു. ഇതുവരെ അയാളെ അന്വേഷിച്ചു പോയ പോലീസുകാർക്ക് അയാളെ കണ്ടെത്താൻ ആയില്ല. നീതുവിൻറെ വീട്ടിൽനിന്നും എത്തിയിട്ടില്ല. പക്ഷേ ഇനി ആ സ്റ്റേഷനിൽ നീതുവിനെ ഇരുത്താൻ പറ്റില്ല. അതുകൊണ്ട് നീതുവിനെ അവിടെ നിന്ന് അടുത്തുള്ള വനിത പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അവിടെ എത്തിയപ്പോൾ വീണ്ടും അവരോട് സംഭവം വിവരിച്ചു കൊടുക്കേണ്ടി വന്നു. അന്യൻറെ സങ്കടമാണല്ലോ നമ്മുടെ സന്തോഷം. നീതുവിൻറെ മനസ്സിലെ വേദന അവര് അറിയുന്നുമില്ലല്ലോ. വീണ്ടും അവിടെ കുറെ മണിക്കൂറുകൾ. രാത്രി 8:30 ആയപ്പോൾ ആണ് സി.ഐ ഓഫീസിൽ നീതുവിൻറെ അച്ഛനും അമ്മയും എത്തിയത്. രാവിലെ 10 മണി മുതൽ ആ നിമിഷം വരെ പച്ച വെള്ളം പോലും കുടിക്കാതെ നീതു, പരാതി കൊടുക്കാൻ എത്തിയ ആൾ പ്രതിയെ പോലെ പോലീസ് സ്റ്റേഷനിൽ. രണ്ട് സ്റ്റേഷനിൽ നിന്നും നീതു പല തരത്തിലുള്ള കുറ്റവാളികളെ കണ്ടു. മനസ്സ് മരവിച്ച ഒരവസ്ഥയിൽ എത്തിയിരുന്നു. അവസാനം രാത്രി വീണ്ടും പോലീസ് ജീപ്പിൽ പഴയ സ്റ്റേഷനിലേക്ക്. അവിടെ കാത്തു നിൽക്കുന്ന അച്ഛന്റെയും അമ്മയുടേയും മുഖം ഓർക്കുമ്പോൾ അങ്ങോട്ട് പോകണമെന്ന് പോലും നീതുവിനില്ല.
അങ്ങനെ രാത്രി 9 മണിയായപ്പോൾ അച്ഛനോടൊപ്പം നീതു സ്റ്റേഷൻറെ പടിയിറങ്ങി. അപ്പോഴും അയാളെ കണ്ടെത്താൻ പോലീസിനായിരുന്നില്ല. സ്റ്റേഷനിൽ നിന്ന് കാർ നീതു ജോലി ചെയ്തിരുന്ന ഓഫീസിനു മുന്നിലൂടെ ആണ് പോയത്. അറിയാതെ അവിടേക്ക് നോക്കിയ നീതു ഞെട്ടി. രാവിലെ മുതൽ അന്വേഷിച്ചിട്ടും കണ്ടില്ല എന്ന് പറഞ്ഞ അയാൾ അവിടെ നിൽക്കുന്നു. എല്ലാ ബോധവും നഷ്ടപ്പെട്ട നീതു ഓടിക്കൊണ്ടിരുന്ന കാർ തുറന്നു പുറത്തേക്കു ഇറങ്ങാൻ ശ്രമിച്ചു. കാര്യം മനസ്സിലാകാതെ നീതുവിൻറെ അച്ഛൻ കാർ നിർത്തി. പുറത്തേക്കു ഇറങ്ങിയ നീതു സി.ഐ ഓഫീസിലേക്കാണ് ആദ്യം വിളിച്ചു കാര്യം പറഞ്ഞത്. അവർ പറഞ്ഞു: "അയാൾ അവിടെ നിന്ന് പോകാതെ ശ്രദ്ധിക്കുക. ഞങ്ങൾ ഇപ്പോൾ വരാം" നീതു നടന്ന് അയാളുടെ അടുത്തെത്തി. സ്റ്റേഷൻ അടുത്തു തന്നെ ആയിരുന്നതു കൊണ്ട് വേഗം തന്നെ സി.ഐ ഉൾപ്പെടെ അവിടെ എത്തി. അയാളെ ജീപ്പിൽ കയറ്റി കൊണ്ട് പോകുന്നത് പ്രതികാര മനസ്സോടെ നീതു നോക്കി നിന്നു. നാളെ രാവിലെ സ്റ്റേഷനിൽ വരണം എന്ന് പറഞ്ഞു പോലീസ് പോയി. നീതു വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് അച്ഛനും അമ്മയും ഒപ്പം നീതു പോയി. ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് പോയി. ഭയപ്പെടുത്തുന്ന ഒരു മൗനം അവരുടെ ഇടയിൽ തളം കെട്ടി നിന്നിരുന്നു. നീതുവിൻറെ ചിന്തകൾ പലയിടത്തേക്ക് പോകുന്നത് ആരും അറിഞ്ഞില്ല. മരണം എന്നതു മാത്രമാണ് ഇനി മുന്നിലുള്ള വഴി എന്ന് അവൾ ഉറപ്പിച്ചു. എല്ലാവരും ഉറങ്ങി എന്ന് വിചാരിച്ച് അകത്തിരുന്ന കത്തി എടുത്ത് കൈതണ്ട മുറിച്ചു. പക്ഷേ ശബ്ദം കേട്ട് എണ്ണീറ്റു വന്ന അച്ഛനും അമ്മയും ചോരയിറ്റിച്ച് നിൽക്കുന്ന മകളെയാണ്. അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഉറങ്ങാതെ അന്ന് രാത്രി നീതുവിനവർ കാവലിരുന്നു.

ഓർമ്മകളിൽ നിന്ന് നീതു ഞെട്ടി ഉണർന്നു. ഇപ്പോഴും അകത്തേക്ക് പോയ അച്ഛനും അമ്മയും തിരിച്ചു വന്നിട്ടില്ല. അകത്തു അയാളും കാണും. ഇനിയുള്ള നാളുകൾ ജയിലിലും കോടതിയിലുമായി ജീവിതം തള്ളി നീക്കണ്ട അയാൾ. എത്ര നാൾ ശിക്ഷിക്കപ്പെട്ടാലും നീതുവിന് നഷ്ടപ്പെട്ടതൊന്നും തിരിച്ചു നൽകാൻ ആവില്ല. മാനം, തീരാവേദനയുമായി ഒരു കൈ, പേടിയും ടെൻഷനും നിറഞ്ഞ വരാനിരിക്കുന്ന ദിവസങ്ങൾ. ഒന്നും ഒരു ശിക്ഷയ്ക്കും പകരം വയ്ക്കാൻ ആവില്ല. പേടിപ്പെടുത്തുന്ന മുൻപോട്ടുള്ള ജീവിതത്തെ കുറിച്ച് ഓർത്ത് നീതു വീണ്ടും ഓർമ്മകളിലേക്ക് വഴുതി വീണു. ഉറക്കം ഞെട്ടി ഉണരാനുള്ള ഒരുപാട് രാത്രികളിലെ ഓർമ്മകളിലേക്ക്.

ഗ്ലൂമി സൺഡേ - മലയാള പരിഭാഷ

ഹംഗേറിയൻ ഗായകൻ Resse Seresൻറെ ഗ്ലൂമി സൺഡേ എന്ന ഗാനം..
മരണത്തിൻറെ പാട്ട് എന്ന് അറിയപ്പെടുന്ന ഇത് കേട്ട് പലരും ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്..
ഗ്ലൂമി സൺഡേയുടെ മലയാള പരിഭാഷ - Word to Word Translation എൻറെ എളിയ ശ്രമം


ഈ ഞായർ മൗനിയാണ്..
എൻറെ യാമങ്ങൾ ഉറക്കമില്ലാത്തതും..
എന്നോടൊപ്പമുള്ള എൻറെ പ്രിയപ്പെട്ട നിഴലുകൾ എണ്ണമറ്റതാണ്..
ഈ വെളുത്ത ലില്ലി പൂക്കൾ നിന്നെ ഉണർത്തില്ല..
ദുഃഖത്തിൻറെ കറുത്ത വണ്ടികൾ നിന്നെ എവിടെയും കൊണ്ടുപോകയില്ല..
പക്ഷേ മാലാഖമാർ നിന്നെ തിരികെ നൽകാൻ വിസമ്മതിക്കുന്നു..
ഞാനും നിന്നോടൊപ്പം വരുന്നതിൽ അവർ കോപിക്കുമോ...!

ഈ ഞായർ മൗനിയാണ്..
നിഴലുകളോടൊപ്പം ഞാനീ നിമിഷങ്ങൾ ചെലവഴിക്കുന്നു..
എൻറെ മനസ്സ് ഒരു അവസാനത്തിനായ് ഒരുങ്ങി കഴിഞ്ഞു..
ദുഃഖകരമായ പ്രാർഥനകളും മെഴുകുതിരികളും എനിക്കായി തയ്യാറെടുത്തിരിക്കുന്നു..
അവർ കരയാതിരിക്കട്ടെ..
ഞാൻ സന്തോഷത്തോടെയാണ് യാത്രയാവുന്നതെന്ന് അവർ അറിയണം..
മരണം വെറുമൊരു സ്വപ്നമല്ല..
ഈ മരണത്തിലാണ് ഞാൻ നിന്നെ വാരിപുണരാൻ കാത്തിരിക്കുന്നത്..
എൻറെ അവസാന ശ്വാസത്തിലും എൻറെ അനുഗ്രഹാശിസ്സുകൾ നിനക്കായായിരിക്കും..
ഈ ഞായർ മൗനിയാണ്..

യഥാർത്ഥ ഗാനം ഇതുവരെയെ ഉണ്ടായിരുന്നുള്ളൂ.. ആത്മഹത്യയുടെ എണ്ണം കൂടിയപ്പോൾ ഒരു ഭാഗം കൂടെ ചേർത്ത് ഇതൊരു സ്വപ്നമായി വിഭാവന ചെയ്തിരിക്കുകയാണ്..
*ചുവടെ*

ഇതൊരു സ്വപ്നമായിരുന്നു..
വെറും സ്വപ്നം..
ഉണർന്നപ്പോൾ നീ എൻറെ ഹൃദയത്തിൻറെ അഗാധതയിൽ സുഖമായുറങ്ങുന്നുണ്ടായിരുന്നു...
പ്രിയതമാ.. എൻറെ സ്വപ്നം നിന്നെ വേട്ടയാടുകയില്ലെന്ന് വിശ്വസിക്കട്ടേ?
എൻറെ മനസ്സ് എന്നെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ്..
എനിക്ക് നീ എത്ര  വിലപ്പെട്ടതാണെന്ന്..

ഈ ഞായർ മൗനിയാണ്...

Singer Billy Holiday Translated this Hungarian song to English.

പീഡന വാർത്തകൾ ഷെയർ ചെയ്യുന്നവരോട്

      ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതേണ്ടത് ആവശ്യമാണെന്ന് തോന്നി..
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെടുന്നത് പീഡന വാർത്തകളാണ്. ജാതി മത വർണ്ണ വർഗ വിവേച്ചനങ്ങളില്ലാതെ ചർച്ച  ചെയ്യുന്ന വിഷയം. വാർത്താമാധ്യമങ്ങൾ പീഡന വാർത്തകൾ എന്നും ആഘോഷിക്കുന്നു. കാരണം അവർക്കറിയാം ജനം ഇത്പോലുള്ള വാർത്തകളിലേക്ക് വേഗം ആകർഷിക്കപ്പെടും എന്ന്.

രാജ്യത്ത് ഓരോ ദിവസവും എണ്ണം കൂടുന്ന ക്രൈം ആണ് പീഡനം.പെണ്ണിൻറെ ദുർബലത മുതലാക്കി അവരോടു ചെയ്യുന്ന അതിക്രമങ്ങൾ എന്നെങ്കിലും അവസാനിക്കും എന്ന് പ്രതീക്ഷിക്കാനേ വയ്യ..

              വാട്സപ്പ് ഫേസ്ബുക്ക്‌ ട്വിറ്റെർ മുതലായ എല്ലാ സമൂഹ മാധ്യമങ്ങളിലും ഏറ്റവും കൂടുതൽ ഷെയർ ചെയ്യപെടുന്നതും പീഡന വാർത്തകൾ തന്നെയാണ്.
അത് ഷെയർ ചെയുന്നതിന് മുൻപ് നമ്മൾ ഓർക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. പീഡന വാർത്തകൾ 3 തരത്തിൽ ഉണ്ടാകാം..

1. നിച്ചന്മാരായ പുരുഷന്മാരാൽ ക്രൂരമായി പീഡിപിക്കപ്പെടുന്നവർ
2. വാർത്തയിൽ ഉൾപെട്ടിരിക്കുന്ന ആണിനെയോ പെണ്ണിനെയോ തരം താഴ്ത്താൻ വേണ്ടി മറ്റുള്ളവർ കെട്ടി ചമയ്ക്കപ്പെടുന്നത്
3. വൈരാഗ്യത്തിന്റെ പേരിൽ പെണ്ണ്‍ കൊടുത്ത കേസ്.


ഇതിൽ ആദ്യത്തെത് ശെരിക്കും വിഷമം ഉണ്ടാക്കുന്ന വാർത്തകളാണ് എന്നും. അതിൽ പെടുന്ന വാർത്തകൾ ഷെയർ ചെയ്യുന്നത് അത്പോലുള്ളവരിൽ നിന്ന് രെക്ഷപെടാനുള്ള ഒരു മുൻകരുതൽ എടുക്കാനുള്ള പ്രാപ്തി ഒരുപരിധി വരെ സ്ത്രീകൾക്ക് ഉണ്ടാകും.

2 ഉം 3 ഉം വിഭാഗത്തിൽ പെടുന്ന വാർത്തകളാണ് ശെരിക്കും ഏറ്റവും കൂടുതൽ.
 പ്രേമിച്ചു "വഞ്ചിച്ച" കാമുകനെ കുടുക്കാൻ "സത്സ്വാഭികൾ" ആയ പെണ്‍കുട്ടികൾ നല്കുന്ന കേസ്. അതുവരെ വിളിചിടത്തെല്ലാം ചെന്ന് സ്വന്തം ചാരിത്ര്യം അവനു കാഴ്ച വെച്ച് ഒരു ദിവസം പെട്ടെന്ന് അവനെതിരെ തിരിയുന്നവർ. അതല്ലെങ്കിൽ പണത്തിനു വേണ്ടി പെണ്‍കുട്ട്യോ വീട്ടുകാരോ വേറെ ആരെങ്കിലുമോ മേനെഞ്ഞെടുക്കുന്ന വാർത്ത‍. ഇത്തരത്തിൽ ഉള്ള വാർത്തകൾ ഷെയർ ചെയ്യാതിരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. പീടിപിച്ചവന്റെയും പീടിപിക്കപെട്ടവളുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ സെക്കന്റ്‌കൾ കൊണ്ട് നാടാകെ എത്തും. ചിലപ്പോൾ അങ്ങനെ ഷെയർ ചെയ്യപ്പെടുന്ന വാർത്തകളിൽ സത്യമൊന്നും ഉണ്ടായിരിക്കില്ല. അത് ഷെയർ ചെയ്യുന്നത് മൂലം നമുക്ക് ഒരു സന്തോഷം (ഒരു മനസുഖം) ഉണ്ടാകുംമെന്നല്ലാതെ വേറെ ഒരു ഗുണവും ഇല്ല. അതിൽ ഉൾപെട്ടിട്ടുള്ളവരുടെ ഭാവി ജീവിതം ഇല്ലാതാകും എന്നല്ലാതെ ഒരു പ്രയോജനവും ഇല്ലാത്ത ഒരു കാര്യം.
                വാർത്തകളുടെ നിജസ്ഥിതി അന്വേഷിച് കണ്ടെത്തി അത് സത്യമാണോ കള്ളമാണോ എന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അപ്പോൾ നമ്മൾ ചെയ്യേണ്ടാതെന്താണ് എന്ന് വെച്ചാൽ  പീഡന വാർത്തകൾ കണ്ണുമടച്ചു ഷെയർ ചെയ്യാതിരിക്കുക എന്നത് മാത്രമാണ്.. കണ്ടില്ലെന്നു നടിക്കുക. ഷെയർ ചെയ്യുന്നത് കൊണ്ട് ഉപകാരമില്ലാത്തത് ഷെയർ ചെയ്യാതിരിക്കുക.

               പീഡന വാർത്തകൾ ഷെയർ ചെയ്യുമ്പോൾ ഒന്നോർക്കുക നാളെ നിങ്ങൾക്കറിയുന്ന ഒരാൾക്കാകും ഈ ദുരന്തം സംഭവിക്കുക.

























രണ്ട് വെള്ളിക്കാശ്

  ആ ശവപറമ്പിലേക്ക് നടക്കുമ്പോൾ മേരിയമ്മച്ചിയുടെ വാർദ്ധക്യം ബാധിച്ച മനസ്സ് ഓർമ്മകളിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയായിരുന്നു..വളരെ ചെറുപ്പം മുതൽ തൻറെ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകൾ കണ്ടു വളർന്ന തൻറെ സ്വന്തം പള്ളിയും അവിടത്തെ ഓരോ ആളുകളും ഓർമ്മയിൽ മിന്നി മായുന്നു. ബാല്യവും കൗമാരവും കടന്നു യൗവ്വനവത്തിലെത്തിയപ്പോൾ ഒരു പുരുഷന്റെ കരുതലിലേക്ക് മാറേണ്ടിയിരുന്നതാണ്. പക്ഷേ ജീവിതസാഹചര്യങ്ങൾ അതിന് അനുവദിക്കാതിരുന്നത് കൊണ്ട് അന്നും തനിക്കീ പള്ളി തന്നെയായിരുന്നു ശരണം. ജീവിതസായാഹ്നത്തിൽ പോലും പല സ്ഥലങ്ങളിലും വീട്ടുജോലിക്ക് പോയും ഉപ്പേരി കമ്പനിയിൽ പാക്കിംഗിൽ സഹായിച്ചും കുറെ പണം സ്വരൂപിച്ചു. പക്ഷേ അതൊന്നും നൽകാൻ തനിക്ക്ആരുമില്ലെന്ന് മാത്രം.  വർഷങ്ങളേറെ കടന്നു പോയി. ഒപ്പമുണ്ടായിരുന്ന പലരും ജീവിതവെയിലിൽ വാടി കൊഴിഞ്ഞു. ഇനി അധികം വൈകാതെ നല്ലൊരു ഉച്ചവെയിൽ തൻറെ തലയ്ക്ക് മുകളിലും വരും അന്ന് താനും വാടികരിയും എന്ന് മാത്രം മനസ്സ് മന്ത്രിച്ച് തുടങ്ങി.
          അങ്ങനെയിരിക്കെയാണ് തൻറെ സന്തത സഹചാരിയായ പള്ളി പുതുക്കി പണിയാൻ പോകുന്നു എന്ന വാർത്ത കേട്ടത്. പള്ളിയിൽ ഉള്ള എല്ലാവരും അവരവരാൽ കഴിയുന്ന സംഭാവന നൽകണമെന്ന് വികാരിയച്ചൻ പ്രസ്താവിക്കുകയും ചെയ്തു. വീട്ടിലെത്തിയ ഉടൻ താൻ അത്വരെ സ്വരുകൂട്ടിയ നുള്ളി പെറുക്കി എണ്ണി. 5000 രൂപ തികച്ചുണ്ടായിരുന്നു. പ്രതീക്ഷിച്ചിരുന്നതിലും കൂടുതൽ. പരിവിനായി അച്ചനും കമ്മിറ്റിക്കാരും വന്നപ്പോൾ അതിൽ നിന്ന് ഒരു രൂപ പോലും മാറ്റി വയ്ക്കാതെ അച്ചനെ ഏൽപ്പിച്ചു. പണം കയ്യിലേക്ക് വാങ്ങുമ്പോൾ അച്ചന്റെ കണ്ണ് നിറഞ്ഞിരിന്നു. എന്തിനാണെന്ന് ചോദിക്കാൻ സാധിച്ചില്ല. മണ്ണോട് ചേരാൻ കാത്തിരിക്കുന്ന സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത തനിക്ക് ഉള്ളതെല്ലാം താനേറെ സ്നേഹിക്കുന്ന പള്ളിയ്ക്ക് വേണ്ടി നൽകാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടായിരുന്നു തനിക്ക്.
               പള്ളി പണിയും കൂദാശയും കഴിഞ്ഞ് ഒരു ദിവസം വികാരിയച്ചൻ വീട്ടിൽ വന്നു പറഞ്ഞു : "ഇല്ലായ്മയിലും പള്ളിയെ ഇത്ര സ്നേഹിച്ച മേരിയമ്മചിക്ക് പള്ളി സൗജന്യമായി ഒരു കല്ലറ പണിയിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ഇടവകാംഗങ്ങളുടെ ചെലവിൽ"
   അച്ചൻ പോയി കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു വിങ്ങൽ മനസ്സിൽ. ജീവനോടെയുള്ള തനിക്ക് ഒരു കല്ലറ ഒരുങ്ങി കഴിഞ്ഞു. ഇനി മരിച്ചാൽ മാത്രം മതി. ചെന്നു കിടക്കാൻ കല്ലറ തയ്യാർ. .... എന്തൊക്കെയാണേലും ആ കല്ലറ ഒന്നു കാണാൻ തന്നെ തീരുമാനിച്ചാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. മറ്റാർക്കും ലഭിക്കാത്ത ഭാഗ്യമല്ലേ ജീവിച്ചിരിക്കുമ്പോൾ സ്വന്തം കല്ലറ കാണാൻ പോകുക എന്നത്.
      ഓർമ്മകളിൽ നിന്നുണർന്ന് നോക്കുമ്പോൾ നടന്ന് നടന്ന് തനിക്ക് വേണ്ടി പണിത കല്ലറയ്ക്കൽ എത്തിയിരുന്നു മേരിയമ്മച്ചി. കണ്ണുനീർ കാഴ്ച മറച്ചപ്പോൾ അത് തുടച്ച് കണ്ണട ഒന്നു നേരെയാക്കി അതിലെ അക്ഷരങ്ങൾ വായിച്ചു...
       "  Reseverd For:
            C C MARY
             X HOUSE  "

കിങ്ങിണി - ഒരു ആശുപത്രി ഓർമ്മ

ആശുപത്രിയിൽ എത്തിയിട്ട് രണ്ട് ദിവസം ആയി. ഫോണും മറ്റും കൊണ്ട്പോകാഞ്ഞത് കൊണ്ട് ശരിക്കും ഒരു ഏകാന്തതയാണ്. പരിചയമില്ലാത്ത ഒരു സ്ഥലത്ത് ഒന്നും ചെയ്യാതെ എങ്ങനെ ദിവസങ്ങൾ തള്ളി നീക്കും! അവസാനം ഞാൻ പുറത്തിറങ്ങി നടക്കാൻ അനുവാദം വാങ്ങി. ആശുപത്രി വരാന്തയിൽ കൂടി അങ്ങനെ നടന്നു. പലരുടെയും മുഖത്ത് എന്തെന്നില്ലാത്ത ഭയം കാണാം. ഈറനണിഞ്ഞ കണ്ണുകൾ കാണാം. ഇടയ്ക്ക് സന്തോഷത്തിന്റെയും ധൈര്യത്തിൻറെയും ആത്മവിശ്വാസത്തിൻറെയും മുഖങ്ങളും കാണാം.
  അങ്ങനെ നടന്ന് നടന്ന് കുട്ടികളുടെ ക്യാൻസർ വാർഡിന്റെ വരാന്തയിലെത്തി. അകത്തേക്ക് നോക്കിയപ്പോൾ ഈ വഴി വരേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി. ചികിത്സ കാരണം തലയിൽ മുടിപോലുമില്ലാത്ത അവശകോലങ്ങൾ. ആരുടെയൊക്കെയോ ദയയിൽ കഴിയുന്നവരാണ് പലരും. അല്ലെങ്കിൽ ഇവിടിങ്ങനെ കിടക്കില്ല. എന്നെ പോലെ ഏതേലും മുറിയിൽ സുഖമായി കിടക്കാമായിരുന്നു.
  ചിന്തകളിൽ നിന്നു ഉണർത്തിയത് ആരോ ഉടുപ്പിൽ പിടിച്ച് വലിക്കുന്നു എന്ന് തോന്നിയപ്പോളാണ്. തിരിഞ്ഞുനോക്കിയപ്പോൾ ഒരു കുട്ടി. 10 വയസ്സേ കാണൂ പ്രായം. നല്ല ശ്രീത്വം ഉള്ള ചിരി. പക്ഷേ മുഖത്ത് ക്ഷീണം. ഞാൻ ചോദിച്ചു: "എന്താ മോൾടെ പേര്?"
"കിങ്ങിനി"
കിങ്ങിണി എന്നായിരിക്കും. അവൾടെ അമ്മ ആയിരിക്കണം. കൂടെയുള്ള സ്ത്രീ വായിൽകൊള്ളാത്ത മറ്റെന്തോ പറഞ്ഞു. ഞാനത് കേട്ടത് പോലുമില്ല.  പിന്നെയും കുറെ നേരം എന്തൊക്കെയോ ചോദിച്ചു. എനിക്കെന്തോ ആ കുട്ടിയെ ഒരുപാടങ്ങ് ഇഷ്ടമായി. തിരിച്ചു ചെല്ലാൻ പറഞ്ഞ സമയമായപ്പോൾ നാളെ വരാമെന്ന് പറഞ്ഞ് നടന്നു. അടുത്ത ദിവസം ഞാൻ കിങ്ങിണിയെ കാണാൻ ചെന്നു. നേരത്തെ പരിചയമുള്ളപോലാണ് ആ കുട്ടി എന്നോട് സംസാരിച്ചത്. ഒരുപാടെന്തൊക്കെയോ കഥകൾ പറഞ്ഞു. പിന്നീട് എന്നും അവളെ കാണാൻ വേണ്ടി മാത്രം ഞാൻ അവിടേക്ക് പോയി തുടങ്ങി. ഒരു ദിവസം അവൾ ചോദിച്ചു :"ചേച്ചീ.. ഈ വെള്ളിനക്ഷത്രത്തിലെ (സിനിമ) പോലെ മരിക്കുന്നവർ നക്ഷത്രം ആകുമോ?"
"അറിയില്ല മോളേ"
"ആകും ചേച്ചീ, ഞാനും നക്ഷത്രം ആകും. എന്നിട്ട് ചേച്ചിയെ കാണാൻ വരും"
ഞാൻ പിന്നൊന്നും പറഞ്ഞില്ല. അവളുടെ പല വാക്കുകൾക്കും മറുപടി പറയാനുള്ള കഴിവെനിക്ക് അല്ലേലും ഇല്ല. അന്ന് പോകാൻ എണ്ണീറ്റപ്പോ ഞാൻ പറഞ്ഞു : "ഇനി കുറച്ചു ദിവസം ചേച്ചി വരില്ല. ചേച്ചിയേ മറക്കല്ലേ.."
അവൾ തലയാട്ടിയതേ ഉള്ളൂ.
××××
5 ദിവസം കഴിഞ്ഞാണ് പിന്നെ എനിക്ക് പുറത്തേക്ക് ഇറങ്ങാൻ പറ്റിയത്.
കിങ്ങിണിയുടെ അടുത്തേക്കാണ് ആദ്യം പോയത്. പക്ഷേ.. അവൾ അവിടെ ഇല്ലായിരുന്നു. അവിടെയെന്നല്ല ഈ ലോകത്ത് തന്നെ ഇല്ലായിരുന്നു. ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഷോക്ക്.
വീട്ടിൽ തിരിച്ചെത്തിയിട്ടും ആ ഓർമ്മകൾ എന്നെ വിട്ട് പോയിട്ടില്ല. അവൾ പറഞ്ഞത് പോലെ എന്നെ കാണാൻ ഒരു നക്ഷത്രമായി അവൾ വരുന്നുണ്ടാകും.. ല്ലേ...
കാശുണ്ടായിരുന്നെങ്കിൽ നേരത്തെ ചികിത്സ ലഭിച്ച് ആ സുന്ദരികുട്ടി ഇന്നും ജീവിച്ചിരുന്നേനേം...

യാത്ര

നേരം നന്നേ ഇരുട്ടി.. എല്ലാവരും ഉറങ്ങിയിരിക്കണം.. ഞാൻ പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റ് മേശയ്ക്കരുകിലെത്തി.. ദൂരെ ട്രെയിൻ പോകുന്നതിൻറെ ശബ്ദം കേൾക്കാം... പുറത്ത് നല്ല നിലാവ്.. ലൈറ്റിടണ്ട.. നല്ല വെട്ടമുണ്ട്.. കസേര വലിച്ചിട്ടിരുന്ന് ഒരു പേപ്പറും പേനയും എടുത്തു.. എന്താ എഴുതേണ്ടത് എന്നൊരു പിടിയുമില്ല.. ഒരു കത്തെഴുതാനാണ് ഇവിടെ വന്നിരുന്നത്.. ആർക്ക് എഴുതണം എന്നറിയില്ല..
പ്രിയപ്പെട്ട അമ്മയ്ക്ക്... വേണ്ട, അമ്മയോട് ഞാനെന്ത് പരാതി പറയാനാണ്.. ജനിച്ചപ്പോൾ മുതൽ അല്ല ജനിക്കുന്നേനു മുൻപ് മുതൽ സ്നേഹം മാത്രം നൽകിയല്ലേ വളർത്തിയത്..
പ്രിയപ്പെട്ട കൂട്ടുകാരന്... എന്നായാലോ.. അതോ കാമുകിക്കോ.. വേണ്ട.. രണ്ട് കൂട്ടരും അവരുടെ ജീവിതത്തിൽ സന്തോഷത്തോടെ ഇരുന്നോട്ടെ.. അല്ലേൽ നാളെ ഇതിലേക്ക് വലിച്ചിട്ടതിന് എന്നോട് പരിഭവിക്കും... കുറച്ചുനേരം ആലോചിച്ചിരുന്ന് അവസാനം എഴുതി തുടങ്ങി...
പ്രിയപ്പെട്ട ദൈവത്തിന്....
             എല്ലാം അറിയുന്ന നിനക്ക് എന്നെ കുറിച്ച് കൂടുതൽ പറഞ്ഞു തരണ്ടല്ലോ.. ചിരിക്കാൻ ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു... കരയാൻ എൻറെ ആണത്തം അനുവദിക്കുന്നുമില്ല.. ഒരു ഒളിച്ചോട്ടം അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഞാനിപ്പോൾ പോകാൻ തീരുമാനിച്ചത്.. ആരോടും അനുവാദം ചോദിക്കുന്നില്ല.. യാത്ര പറയാനും നിൽക്കുന്നില്ല... പോവുകയാണ് ഞാൻ..
എന്ന് സ്വന്തം...
ഞാൻ...
പിന്നെ ആ കത്തിലേക്കൊന്ന് നോക്കുക കൂടി ചെയ്യാതെ വേഗം കട്ടിലിൽ വന്നു കിടന്നു..
    *****
              രാവിലെ പുറത്തെന്തോ ഒച്ച കേട്ടാണ് ഉണർന്നത്.. ശ്ശേ.. ഞാനുറങ്ങി പോയോ.. രാവിലെ എഴുന്നേറ്റ് യാത്ര തിരിക്കണം എന്നോർത്തതായിരുന്നു.. ഇനി പുറത്തെന്താണാവോ ശബ്ദം.. പുറത്തേക്കു ഇറങ്ങും മുൻപ് മേശയിലേക്കൊന്നു നോക്കി.. കത്തവിടെ തന്നെയുണ്ട്.. റോഡിലേക്കിറങ്ങിയപ്പോൾ ആളുകൾ എവിടേക്കോ ഓടുന്നു.. അടുത്തുള്ള റയിൽപാളത്തിൽ രാത്രി ആരോ തല വച്ചത്രേ.. ഞാനും അവരോടൊപ്പം ഓടി...
   ആളുകൾ നന്നേ കൂടി നിൽപുണ്ട്... അവർക്കിടയിലൂടെ ഞാൻ നടുവിലേക്ക് നടന്നു.. അവിടെ മുഴുവൻ ചോരയിൽ കുളിച്ചു കിടക്കുന്നു.. ട്രെയിൻ കയറിയിറങ്ങിയപ്പോൾ ചിതറി തെറിച്ച മാംസകഷ്ണങ്ങൾ അവിടവിടെ കാണാമായിരുന്നു.. ഞാൻ പെട്ടെന്ന് ഒന്നറച്ചു.. പേടിച്ചുപോയി എന്ന് തന്നെ പറയാം.. ദൈവമേ എൻറെ മരണം ഇങ്ങനാകരുതേ എന്ന് പ്രാർഥിച്ച് തിരിച്ചു നടക്കാൻ ഒരുങ്ങുമ്പോളാണ് അത് കാണുന്നത്... എൻറെ അമ്മ അവിടെയിരുന്ന് അലറി കരയുന്നു..  ഞാൻ അപ്പോഴാണ് ആ മൃതദേഹം ശ്രദ്ധിച്ചത്... അയാൾക്ക് എൻറെ മുഖം..
അപ്പോളേ എനിക്ക് മനസ്സിലായുള്ളൂ.... ഞാൻ രാത്രി തന്നെ യാത്ര തിരിച്ചിരുന്നു....