ഇപ്പോൾ സമയം

എന്റെ കലാലയം-ഒരു മണ്ഡലകാല ഓർമ

രാവിലെ 7 മണിക്ക് തുടങ്ങുന്നതാണ് കോളേജിലേക്കുള്ള യാത്ര. സാധാരണ ദിവസങ്ങളിൽ 7 മണിക്ക് ബസ്സിൽ കയറിയാൽ 9.30നു കോളേജിൽ എത്തും. എന്നാൽ ശബരിമല സീസണ്‍ തുടങ്ങിയാൽ പിന്നെ എത്തിയാൽ എത്തി.
       
          എന്നും ഒരേ ബസ്സിനു പോകുന്നത്കൊണ്ട് ടൂർ പോകുന്ന പോലാ എന്നും യാത്ര. 7നു ചങ്ങനാശ്ശേരിയിൽ നിന്ന് യാത്ര തുടങ്ങുമ്പോ ഞാനും വേറെ 2 പേരും മാത്രമേ കാണൂ. അത് ഏകദേശം പ്ലാചേരി ആകുമ്പോ ഞങ്ങടെ കോളേജ് ബസ്‌ പോലാകും. മുഴുവൻ അങ്ങോട്ടുള്ള പിള്ളേർ ആയിരിക്കും. അവരേം സമ്മതിക്കണം. എനിക്കൊക്കെ 40 രൂപാടെ ടിക്കെടിന്റെ സ്ഥാനത്ത് 7 രൂപ കൊടുത്താൽ മതിയാരുന്നു. പൊന്തൻപുഴ വനത്തിലൂടെ ഉള്ള ആ യാത്ര. കാട്ടിലൂടെ കോളേജിൽ പോകാനും വേണം ഒരു ഭാഗ്യം.
              അപ്പോ, പറഞ്ഞു വന്നത് ഇതല്ല.. വണ്ടി എരുമേലി ആകാൻ ഉള്ള കാത്തിരിപ്പാണ് പിന്നെ. ശബരിമല സീസണ്‍ അയാൽ പിന്നെ എരുമേലി ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. ബസ്‌ സാധാരണ കരിങ്കലുമൂഴിയിൽ നിന്ന് എരുമേലി സ്റ്റാന്റ് വരെ പോയി തിരിച്ചു കരിങ്കലുമൂഴിയിൽ വന്നിട്ടാണ് മുക്കൂട്ടുതറയ്ക്ക് പോകുന്നത്. ശാസ്താവിന്റെ അമ്പലമാകുമ്പോളെക്കും നാനാ വർണങ്ങളും കൊട്ടും നിറയും. രാജ്യത്തെ ഏകദേശം എല്ലാ സ്ഥലത്തുനിന്നും ശബരിമലയ്ക്ക് പോകാൻ വരുന്നവരെ അവിടെ കാണാം. പേട്ടതുള്ളലിന്റെ താളത്തിൽ മറ്റൊന്നും ശ്രദ്ധിക്കാതെ നീങ്ങുന്ന അവർ ഒരു കൗതുക കാഴ്ച തന്നെയാണ്. അതുവരെ വിജനമായ് കിടന്നിരുന്ന വഴിവക്കുകളിൽ വിവിധ നിറത്തിലുള്ള പൊടികളും, ശബരിമലയുടെയും സന്നിധാനതിന്റെയും ചെറിയ രൂപങ്ങൾ വെച്ച താൽകാലിക സ്റ്റുഡിയോകളും, കന്നി അയ്യപന്മാർക്ക് വേണ്ടിയുള്ള ചെറു അസ്ത്രങ്ങളും അങ്ങനെ എന്തെല്ലാമോ വിൽക്കുന്ന കടകളാണ് മുഴുവൻ. വഴിനിറഞ്ഞു നടന്നു നീങ്ങുന്ന അയ്യപ്പന്മാരുടെ ശരണം വിളികൾ ഇപ്പോളും കാതിൽ കേൾക്കാനാകും. ആ തിരക്കിനിടയിലൂടെ വണ്ടി വളരെ പതുക്കെയേ നീങ്ങൂ..
         വാവര് പള്ളിയുടെ അടുത്ത് എത്തുമ്പോളെക്കും ശരണം വിളികൾ ഉച്ചത്തിലാകും. കൊചമ്പലത്തിൽ നിന്നും വാവര് പള്ളിയിലേക്ക് പേട്ട തുള്ളി പോകുന്നവരുടെ തിരക്ക് കാരണം ആ വഴി നടക്കാൻ പോലും ഇട കാണില്ല. (പിന്നെ, ഈ കൂടെ ഒരു കാര്യം കൂടെ പറയണമല്ലോ, ഹോ.. എന്നാ നാറ്റം ആണെന്നോ അത്രേം ദൂരം.. ഈ ബാക്കി ഉള്ള നാട്ടുകരൊന്നും കുളിക്കില്ലേ ആവോ..?) അവിടം എങ്ങനെയേലും കടന്നു കിട്ടാൻ കുറഞ്ഞത് അര മണിക്കൂർ എങ്കിലും വേണം(വെറും 5 മിനിറ്റ് ദൂരമാണ് കേട്ടോ..) വീണ്ടും ആ വഴി തിരച് കരിങ്കലുമൂഴി വരെ പോയാൽ പിന്നേം പോകും അര മണിക്കൂർ കൂടെ. അപ്പൊ വണ്ടി പ്രോപോസ് എസ്റ്റേറ്റ്‌ വഴി തിരിച്ചു വിടും. ഞങ്ങളും അത് തന്നെയാരിക്കും ആഗ്രഹിക്കുനത്. കാരണം എസ്റ്റേറ്റ്‌ റോഡിൽ കൂടെ കോളേജ് വരെ നല്ല രസമാ പോകാൻ. എരുമേലി മുതൽ കോളേജ് വരെ കുത്തനെ ഒരു കയറ്റമാണ്. പിന്നെ ഡിസംബർ മാസം ആയോണ്ട് കയറ്റം തുടങ്ങുമ്പോ കൂടെ കൂട്ടിനു ചെറിയ തണുപ്പും ഉണ്ടാകും. 9.30ക്ക് തുടങ്ങുന്ന കോളേജിൽ അങ്ങനെ എത്തുമ്പോ 10 എങ്കിലുമാകും. ഈ സീസണ്‍ ആയോണ്ട് ലേറ്റ് ആയാലും ആരും ഒന്നും പറയില്ല. അത് മുതലാക്കുന്നവരും ഉണ്ട്ട്ടോ..ബ്രേക്ക്‌ ടൈമിൽ കാന്റീനിലൊട്ട് പോകാനൊന്നും പറ്റില്ല. അവിടേം അയ്യപന്മാർക്ക് ഫുഡ്‌ കൊടുക്കുന്നുണ്ട്. പിന്നെ വേറൊരു ഗുണം സീസണ്‍ തുടങ്ങിയാൽ 1.50നു കോളേജ് വിടും. തിരിച്ചും ഈ കടമ്പകളൊക്കെ കടക്കെണ്ടതല്ലേ.

 ചന്ദനക്കുടം
                    എരുമേലിയെ കുറിച്ച് പറഞ്ഞു തുടങ്ങിയ സ്ഥിതിക്ക് ഇതൂടെ പറയണം. എല്ലാ മതവിഭാഗവും ഒന്നായി ആഘോഷിക്കുന്ന ചന്ദനകുടം മകര വിളക്കിന്റെ 2 ദിവസം മുന്പ് എരുമേലി ടൌണിൽ നടക്കും. സോറി, കൂടുതൽ അറിയില്ല.. കാരണം മകരവിളക്കിന് 1 ആഴ്ച മുൻപേ ഞങ്ങൾക്ക് സ്പെഷ്യൽ സീസണ്‍ അവധി തുടങ്ങിയിരിക്കും.

എന്തൊക്കെ ആണേലും ഈ ശബരിമല സീസണ്‍ ഒരിക്കലും മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു. ഒരു നാടിന്റെ വേർതിരിവില്ലാത്ത മുഴുവൻ സ്നേഹം ഏറ്റു വാങ്ങി ഓരോ അയ്യപന്മാരും മല ഇറങ്ങി തിരികെ പോകും. സന്നിധാനത്ത് അവർ കണ്ട ആ ദിവ്യ ചൈതന്യത്തിനൊപ്പം ഈ നാടും മനസ്സിൽ എന്നും കാണും.

ഇത് എഴുതി തീർന്നപ്പോൾ കണ്ണ്‍ ഒന്ന് നനഞ്ഞു. ആ സുഖമുള്ള ഓർമകളിൽ.

No comments:

Post a Comment