ഇപ്പോൾ സമയം

ഇഞ്ചക്ഷൻ

            കുറേ നാളുകൾക്ക് ശേഷം എന്റെ നാട്ടിൽ തിരിച്ചെത്തിയതായിരുന്നു ഞാൻ.. നിനച്ചിരിക്കാതെയാണ് ചെറിയൊരു പനി പിടിപെട്ടത്. അടുത്ത ദിവസം ഒരു യാത്ര ഉള്ളത് കൊണ്ട് പനി മാറിയില്ലെങ്കിൽ ശരിയാവില്ല എന്ന് കരുതിയാണ് ഞാൻ ആശുപത്രിയിൽ ചെന്നത്. മരുന്നിന്റെ മണം എന്നെ ശെരിക്കും അസ്വസ്ഥ ആക്കുന്നുണ്ടായിരുന്നു. വേഗം അവിടുന്നൊന്ന് പോയാൽ മതിയെന്ന് മാത്രമായി ചിന്ത. കാത്തിരിപ്പിനൊടുവിൽ ഡോക്ടറെ കണ്ടു. ഇഞ്ചക്ഷനു കുറിച്ചു തന്നു. അതിനായി ഇഞ്ചക്ഷൻ റൂമിന്റെ വാതിൽക്കൽ വീണ്ടുമൊരു കാത്തിരിപ്പ്.
             അപ്പോളാണ് അവിടിരിക്കുന്ന ഒരാൾടെ മുഖം ഞാൻ ശ്രദ്ധിച്ചത്. സ്കൂളിൽ സീനിയർ ആയി പഠിച്ച ഒരാൾ. ഞാൻ പരിചയം പുതുക്കാനായി അടുത്തേക്ക് ചെന്നു. "ചേട്ടാ, എന്നെ അറിയ്വോ? നമ്മൾ ഒരേ സ്കൂളിൽ ആണ് പഠിച്ചത്."
എന്തോ, അയാൾ എന്നെ തുറിച്ചു നോക്കി.
ഞാൻ വീണ്ടും പറഞ്ഞു "ഓർമയില്ലേ? ചേട്ടൻ +2 കഴിഞ്ഞ് പോകുമ്പോ ഞാൻ 8ല് ആയതേ ഉള്ളാരുന്നു. അതാ."
 ഒരു ചെറു പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു. ഞാൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ചുറ്റും ഇരിക്കുന്നവരൊക്കെ എന്നെ ഒരു മാതിരി നോക്കുന്നു. ഞാൻ അത് കണ്ടില്ലെന്ന് നടിചു. "എന്നാലും ഞാൻ ഇവിടെ വെച്ച് കാണും എന്ന് ഒരിക്കലും വിചാരിച്ചില്ല. അല്ല, ചേട്ടനിപ്പോ എന്ത് ചെയ്വാ? വല്ലോ ഇന്ഫോസിസിലോ മറ്റോ ആരിക്കുമല്ലേ?" ഞാൻ ചോദിച്ചു.
 പെട്ടെന്ന് അയാളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞ പോലെ എനിക്ക് തോന്നി.
അയാൾ ഒരു ദീർഖനിശ്വാസം വിട്ടു. എന്നിട്ട് പതുക്കെ പറഞ്ഞു "ഞാൻ ഓർത്തു നിനക്കെല്ലാം അറിയാമെന്ന്. ഞാൻ.. ഞാനിപ്പോ ഒന്നും ചെയ്യുന്നില്ല."
"അതെന്നാ? സ്കൂൾ ടോപ്പർ അല്ലാരുന്നോ. പിന്നിപ്പോ എന്താ?"
"പുറത്തേക്കിറങ്ങിയിട്ട് പറയാം"
അപ്പോളേക്കും എന്റെ നമ്പർ വിളിച്ചു. ഞാൻ ഒന്ന് ആലോചിച്ചു. "ചേട്ടൻ എന്നേക്കാൾ മുൻപ് വന്നതല്ലേ? എനിട്ടെന്നാ എന്നെ ആദ്യം വിളിച്ചത്? ചിലപ്പോ അവർ കാണാഞ്ഞതാകും. ഞാൻ പറഞ്ഞേക്കാം."
ഞാൻ അകത്തേക്ക് പോയി. ഇഞ്ചക്ഷൻ എടുക്കാൻ വന്ന നേഴ്സ് കൂടെ ഉണ്ടാരുന്ന മറ്റൊരു നേഴ്സിനോട് പറയുന്നത് കേട്ടു. "അയാളെ അകത്തേക്ക് വിളിക്കാൻ എനിക്ക് പേടിയാ. ഒരാളെ കുത്തി കൊന്നയാളാ. എപ്പോളാ എന്തേലുമൊക്കെ തോന്നുന്നതെന്ന് പറയാൻ പറ്റില്ല."
 ഞാൻ ഒന്ന് ഞെട്ടി. അവർ പറഞ്ഞത് അയാളെ കുറിച്ചായിരിക്കുമോ?" ഞാൻ ഒന്നും ചോദിക്കാതെ പുറത്തേക്ക് നടന്നു. പുറത്ത് അയാളിപ്പോളും തന്റെ നമ്പർ വിളിക്കുന്നത് കാത്തിരിക്കുകയാണ്. ഒന്ന് ചിരിച്ചു എന്നു വരുത്തിയിട്ട് ഞാൻ പുറത്തേക്ക് നടന്നു. വരാന്തയിൽ എത്തിയപ്പോൾ ഓർത്തു എന്തായാലും അയാൾ ഇറങ്ങി വന്നിട്ടേ പോകുന്നുള്ളൂ. എന്താ സംഭവിച്ചതെന്ന് അറിയാൻ ചെറിയൊരു ആഗ്രഹം. ഞാൻ അവിടെ കാത്തിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അയാൾ വരുന്നത് കണ്ടു ഞാൻ എണീറ്റ് ചെന്നു. എന്നെ കണ്ടപ്പോൾ ചെറുതായൊന്നു ചിരിച്ചു അയാൾ. "പോയില്ലേ ഇതു  വരെ?"
"ഇല്ല, ഇഞ്ചക്ഷൻ എടുത്തോ?"
"പിന്നേം കുറെ പേരെ വിളിച്ചു. എന്നെ ഇനി വിളിക്കാൻ പോകുന്നില്ലെന്ന് മനസ്സിലായപ്പോ ഞാനിങ്ങു പോന്നു."
"അതെന്താ, അവരോട് ഒന്ന് ചോദിച്ചു കൂടാരുന്നോ?"
"എന്തിന്? അവർ വിളിക്കില്ല. അവർക്ക് പേടി കാണും"
അത് കേട്ട് ഞാനൊന്നു നിന്നു. തിരിഞ്ഞു നോക്കിയിട്ട് അയാൾ ചോദിച്ചു "വരുന്നില്ലേ?"
"ചേട്ടാ, എന്താ ഉണ്ടായത്?"
"ഒരാളെ കൊന്ന കേസിലെ പ്രതിയാണ് ഞാൻ"
"എന്തിനു?"
അയാൾ ആ കഥ പറഞ്ഞു. സ്വന്തം പെങ്ങളോട് അപമര്യാദയായി പെരുമാറിയ ഒരാളോട് അത് ചോദിക്കാൻ പോയതും. അത് വഴക്കായതും. കൂടെ ഉണ്ടാരുന്ന കൂട്ടുകാരിൽ ആരോ ലഹരിയുടെ പുറത്ത് അയാളെ തലയ്ക്കടിച്ചു കൊന്നതും ഒക്കെ. പറഞ്ഞു തീർന്നപ്പോൾ അയാൾ കരയുന്നുണ്ടായിരുന്നു. ഇപ്പോൾ കേസിന്റെ വിധിക്കായ്‌ കാത്തിരിക്കുകയാണത്രെ.
എല്ലാം കേട്ടു കഴിഞ്ഞ് എന്ത് പറയണമെന്നറിയാതെ ഞാൻ നിന്നപ്പോൾ അയാൾ പറഞ്ഞു: "ഞാൻ പോകട്ടെ, എന്നെ അറിയാത്ത അരെലുമുള്ള ആശുപത്രിയിൽ പോയി കാണിക്കണം."
അയാൾ നടന്നകലുന്നത് നോക്കി ഞാൻ നിന്നു. എനിക്ക് പരിചയമുള്ള അയാൾ ഒരു പാവമായിരുന്നു. സ്കൂളിലെ എല്ലാ കാര്യത്തിനും മുൻപിൽ. +2നു സ്കൂൾ ടോപ്പർ ആയിരുന്നു. ഏതേലും വലിയ കമ്പനിയിൽ ജോലി ചെയ്യേണ്ടിയിരുന്ന ഒരാൾ. പക്ഷേ, ഇപ്പൊ... അപ്പോളാണ് കുറച്ചു മുന്പ് അയാളോട് സംസാരിച്ചപ്പോൾ തുറിച്ചു നോക്കിയ ചുറ്റുമുണ്ടായിരുന്ന കണ്ണുകളെ ഓർത്തത്. അകത്ത് നേഴ്സ് പറഞ്ഞത് ഓർത്തത്. സാഹചര്യങ്ങൾ മൂലം കുറ്റവാളികൾ ആകുന്നവരെ എന്തിനാണ് എല്ലാവരും കൂടെ ഒറ്റപെടുതുന്നത്?
                                              അതെ ലോകം ഇങ്ങനെയാണ്..
ക്രൂരമാണ് പലപ്പോളും.

No comments:

Post a Comment