ഇപ്പോൾ സമയം

നാലുമണി പൂക്കൾ

            ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്‌ സ്റ്റാൻഡിൽ എത്തിയതായിരുന്നു രശ്മി. അവിടൊരു ആൾക്കൂട്ടം കണ്ടപ്പോൾ ആദ്യം അത് ശ്രദ്ധിക്കാൻ പോയില്ല. വീണ്ടും വീണ്ടും ആളു കൂടുന്നത് കണ്ടപ്പോൾ അതെന്താണെന്ന് നോക്കാനായി രശ്മിയും അവിടേക്ക് ചെന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന അവർക്കിടയിലൂടെ നടുവിൽ എത്തിയപ്പോൾ കണ്ട കാഴ്ച അവളെ ഞെട്ടിച്ചു. 2 പെണ്‍കുട്ടികൾ, അതും സ്കൂൾ യൂണിഫോമിൽ നിലത്തു കിടന്ന് പിടയുകയാണ്. വിഷം കഴിച്ചതോ മറ്റോ ആകാം, വായിൽ നിന്നും നുരയും പതയുമൊക്കെ വരുന്നുണ്ട്.അവൾ ചുറ്റും നോക്കി. അവരെ ഒന്ന് ആശുപത്രിയിൽ കൊണ്ട്പോകാൻ ശ്രമിക്കാതെ അവരുടെ ആ അവസ്ഥ ക്യാമറയിൽ പകർതാനാണ് പലരും ശ്രമിക്കുന്നത്.അവൾ എല്ലാവരോടുമായി പറഞ്ഞു: "ആരെങ്കിലുമൊന്ന് സഹായിക്കു, നമുക്കിവരെ ആശുപത്രിയിൽ എത്തിക്കാം." പക്ഷെ ആരും അത് കേട്ടതായി പോലും ഭാവിച്ചില്ല. അവൾ അതുവഴി പോയ പല വണ്ടികൾക്കും കൈ കാണിച്ചു. അവസാനം ഒരു ന്യൂസ്‌ റിപ്പോർട്ടർ തന്റെ വണ്ടി നിർത്തി അവരെ എടുത്ത് വണ്ടിയിൽ കിടത്തി അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു.
                 തന്റെ അരികിൽ മരണ വെപ്രാളത്തിൽ കിടക്കുന്ന ആ കുട്ടികളെ നോക്കി രശ്മി ഇരുന്നു. അതിലൊരു കുട്ടി അവളുടെ കയ്യിൽ തന്റെ വിരലുകൾ അമർത്തി. ആശുപത്രിയിൽ എത്തിച്ചപ്പോളേക്കും ഒരു കുട്ടി ഈ ലോകത്തോട്‌ വിട പറഞ്ഞിരുന്നു. കുറച്ചു നേരത്തിനു ശേഷം ഐ സി യു വിൽ നിന്നും ഇറങ്ങി വന്ന ഡോക്ടർ രശ്മിയോടായി പറഞ്ഞു: "അര മണിക്കൂറിലേറെ ആയി വിഷം ഉള്ളിൽ ചെന്നിട്ട്, അല്പം കൂടെ നേരത്തെ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിച്ചേനെ". അല്പം നേരത്തിനുള്ളിൽ ആ കുട്ടികളുടെ വീട്ടുകാർ അവിടേക്ക് എത്തി. പൊട്ടികരയുന്ന അവർക്കിടയിലൂടെഅവൾ പുറത്തേക്ക് നടന്നു. ആശുപത്രിയിലെ ടിവി സ്ക്രീനിലെ ദൃശ്യത്തിൽ ആ കുട്ടികളുടെ വാർത്ത‍ അപ്പോളേക്കും വന്നിരുന്നു. സഹായിക്കാൻ വന്ന ആ റിപ്പോർട്ടർ അത് "എക്സ്ക്ലൂസിവ്" ആക്കിയിരുന്നു.
               പുറത്തേക്ക് നടക്കുമ്പോൾ രശ്മിയുടെ മനസ്സിൽ പലചോധ്യങ്ങളും ഉടലെടുത്തു. "എന്തിനായിരിക്കാം ആ കുട്ടികൾ ഇത് ചെയ്തത്? ഏതോ നീചന്മാരുടെ ചതിയിൽ അകപെട്ടതാകാം. അല്ലെങ്കിൽ വീട്ടുകാരുടെയോ അധ്യാപകരുടെയോ ശകാരത്തെ ഭയന്ന് ചെയ്തതാകാം. അല്ലാതെ ഈ ചെറു പ്രായത്തിൽ ജീവിതം മടുക്കാനായി വേറെന്തു കാരണമാണ് ഉള്ളത്? എന്തൊക്കെയാനെലും ആ കുട്ടികൾ മരിക്കില്ലായിരുന്നു. അവിടെ കൂടി നിന്നിരുന്ന ആരെങ്കിലും ഒരാൾ അവരെ നേരത്തെ തന്നെ ആശുപത്രിയിൽ എത്തിക്കാൻ മനസ്സ് കാണിച്ചിരുന്നെങ്കിൽ." ആശുപത്രി ഗേറ്റ് കടക്കുമ്പോൾ അവളുടെ കയ്യിൽ ചെറിയൊരു വേദന. ആവസാന നിമിഷത്തിൽ ആ കുട്ടികളിലാരോ ഏല്പിച്ച ആ മുറിവിലേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
(കടപ്പാട്: രണ്ടു +2 വിദ്യർഥിനികൾ വിഷം കഴിച്ചു ബസ്‌ സ്റ്റാൻഡിൽ കിടന്നു മരിച്ച സംഭവത്തിൽ നിന്നും)

No comments:

Post a Comment